കോഴിക്കോട്: എലിയെ പേടിച്ച് ഇല്ലം വരെ ചുട്ട കാലമുണ്ടായിരുന്നു നമുക്ക്. പക്ഷേ കോഴിക്കോട് ജില്ലയിലെ കുണ്ടായിത്തോട് വെള്ളിലവയലില്‍ ഫിറോസ് ഖാൻ എലിയെ പേടിച്ച് ഇല്ലം ചുടുകയല്ല, എലികൾക്കായി സ്വന്തം വീട് തന്നെ മാറ്റിവെക്കുകയായിരുന്നു. ഇത് ശരിക്കും എലികളുടെ സാമ്രാജ്യമാണ്.
വെള്ള, കറുപ്പ്, ചന്ദനം, തവിട്ട്, ചാരം, തവിട്ട് കലർന്ന കറുപ്പ് തുടങ്ങി ഒമ്പത് നിറത്തിലുള്ള ആയിരത്തിലധികം എലികളാണ് വീടിന്‍റെ മട്ടുപ്പാവിലെ കൂടുകളിലും പ്രത്യേകം സജ്ജമാക്കിയ പാത്രങ്ങളിലും ഓടിക്കളിച്ച് വളരുന്നത്. കൂടുകളിൽ എലികൾക്ക് കളിക്കാനുള്ള പ്രത്യേക കളിക്കോപ്പുകൾ.. മരം രാകി മിനുക്കുമ്പോൾ ലഭിക്കുന്ന പൊടിയിലാണ് എലികൾക്ക് കിടക്കയൊരുക്കിയിരിക്കുന്നത്.
ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ രാജകീയ ഭക്ഷണമാണ് ഈ മൂഷികവീരൻമാർക്ക് ഫിറോസ് ഖാൻ നല്‍കുന്നത്. ഇനി മൂഷിക സ്നേഹികളുണ്ടെങ്കില്‍ കൂടുകളോടെ എലികളെ എത്തിച്ച് നൽകാനും ഫിറോസ് റെഡിയാണ്.
ഇത് ഫിറോസിന്‍റെ ലോകം
എട്ടാം വയസ്സിൽ അലങ്കാര മത്സ്യം വളർത്തിയാണ് ഫിറോസ് തുടങ്ങിയത്. പിന്നീട് ലൗ ബേർഡ്സ്, മുയൽ, കാട, കോഴി, താറാവ് പൂച്ച എന്നിവയെ വളർത്തി. ഇതിനൊപ്പം പ്രത്യേക പാത്രങ്ങളിൽ ഭക്ഷ്യയോഗ്യമായ പുഴുക്കളെ വളർത്തി വ്യത്യസ്തനായി. ഒടുവിൽ എലിയിൽ എത്തി നിൽക്കുന്ന ജന്തുലോക പരീക്ഷണം ഇനിയും തുടരുമെന്ന് ഖാൻ പറയുന്നു.