Omicron Explainer ദക്ഷിണാഫ്രിക്കൻ ശാസ്‌ത്രജ്ഞരാണ് കൊറോണ വൈറസിന്‍റെ പുതിയ വകഭേദം തിരിച്ചറിഞ്ഞത്. Covid New Variant രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യയായ ഗൗട്ടെംഗിൽ അടുത്തിടെയുണ്ടായ കൊവിഡ് വ്യാപനത്തിന് പിന്നിൽ ഈ വകഭേദം ആണെന്നായിരുന്നു കണ്ടെത്തല്‍. പുതിയ വകഭേദം എവിടെയാണ് ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് വ്യക്തമല്ല.
എന്നാൽ അടുത്ത ദിവസങ്ങളിലാണ് ദക്ഷിണാഫ്രിക്കയിലെ ശാസ്‌ത്രജ്ഞർ ലോകാരോഗ്യ സംഘടനയ്‌ക്ക് മുന്നറിയിപ്പ് നൽകിയത്. തുടര്‍ന്ന് ഓസ്‌ട്രേലിയ മുതൽ ഇസ്രായേൽ, നെതർലൻഡ്‌സ് വരെ നിരവധി രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരിൽ ഇത് കണ്ടെത്തി. വെള്ളിയാഴ്‌ച ലോകാരോഗ്യ സംഘടന ഈ വകഭേദത്തെ "ആശങ്കയുടെ വകഭേദം" എന്ന് വിളിക്കുകയും "ഒമിക്രോൺ" എന്ന് നാമകരണം ചെയ്യുകയും ചെയ്തു.
ഒമിക്രോണിനെക്കുറിച്ച് നമുക്കെന്തറിയാം?
കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള കേസുകളുടെ വർധന പുതിയ വേരിയന്‍റുമായി ബന്ധപ്പെട്ടാണെന്ന് ആരോഗ്യമന്ത്രി ജോ ഫാഹ്‌ല പറഞ്ഞു. സമീപ ആഴ്‌ചകളിൽ സ്ഥിരീകരിച്ചിരുന്ന 200 ന് അടുത്ത് വരുന്ന പ്രതിദിന കേസുകളിൽ നിന്ന് ദക്ഷിണാഫ്രിക്കയിൽ ശനിയാഴ്‌ച സ്ഥിരീകരിച്ച പുതിയ പ്രതിദിന കേസുകളുടെ എണ്ണം 3,200 ലേക്ക് ഉയര്‍ന്നു.
ഇപ്പോൾ ഗൗട്ടെങ്ങിലെ 90 ശതമാനം പുതിയ കേസുകളും പുതിയ വകഭേദം മൂലമാണ് ഉണ്ടാകുന്നതെന്ന് ക്വാസുലു-നാറ്റൽ റിസർച്ച് ഇന്നൊവേഷൻ ആൻഡ് സീക്വൻസിംഗ് പ്ലാറ്റ്‌ഫോമിന്റെ ഡയറക്‌ടർ ടുലിയോ ഡി ഒലിവേര പറഞ്ഞു.
ഒമിക്രോണിനെ ശാസ്‌ത്രജ്ഞർ ഭയക്കുന്നത് എന്തുകൊണ്ട്?
ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച്, മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഈ വേരിയന്‍റുമായി വീണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്നാണ് പ്രാഥമിക തെളിവുകൾ സൂചിപ്പിക്കുന്നത്. അതായത് രോഗം ബാധിച്ച് സുഖം പ്രാപിച്ച ആളുകൾക്ക് അത് വീണ്ടും പിടിപെടാം. കൊറോണ വൈറസിന്‍റെ സ്പൈക്ക് പ്രോട്ടീനിൽ ഈ വേരിയന്‍റിന് ഉയർന്ന തോതിലുള്ള മ്യൂട്ടേഷനുകൾ ഉള്ളതായി കരുതുന്നു.