ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപക തിരിമറി നടക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്. ഇവിഎമ്മുകള്‍ സ്ട്രോങ് റൂമുകളില്‍ സുരക്ഷിതമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. വോട്ടെണ്ണല്‍ മുന്നില്‍ കണ്ട് തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങള്‍ക്ക് പകരം പുതിയ യന്ത്രങ്ങള്‍ എത്തിക്കുന്നുവെന്ന് ദൃശ്യങ്ങള്‍ സഹിതം പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.
ഇവിഎം തിരിമറി: ആരോപണം നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ - opposition
വോട്ടെടുപ്പിന് ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങള്‍ക്ക് പകരം പുതിയ യന്ത്രങ്ങള്‍ എത്തിക്കുന്നുവെന്ന് ദൃശ്യങ്ങള്‍ സഹിതം പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.
വോട്ടിങ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും അവ വോട്ടെടുപ്പിന് ഉപയോഗിച്ചതാണെന്ന് പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നില്ലെന്നും കമ്മീഷന്‍ പറഞ്ഞു. ദൃശ്യങ്ങളിലുള്ളത് ഉപയോഗിക്കാത്ത ഇവിഎമ്മുകളാണ്. വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം ഇവിഎമ്മുകളും വിവിപാറ്റ് രസീതുകളും കനത്ത സുരക്ഷയില്‍ സ്ട്രോങ് റൂമുകളിലേക്ക് മാറ്റിയിരുന്നു. വോട്ടെടുപ്പിന് ശേഷം നടന്ന മുഴുവന്‍ നടപടികളും വീഡിയോയില്‍ പകര്‍ത്തി. സ്ട്രോങ് റൂമുകളുടെ സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിച്ചിരുന്നെന്നും കമ്മീഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.