ലഖ്‌നൗ: അയോധ്യയിലെ ഭൂമി തർക്കം അവസാനിപ്പിച്ച് ക്ഷേത്രത്തിന്‍റെ ശിലാസ്ഥാപന ചടങ്ങ് നടത്താനുള്ള സുപ്രീം കോടതിയുടെ തീരുമാനം എല്ലാവരും അംഗീകരിക്കണമെന്ന് ബഹുജൻ സമാജ് പാർട്ടി മേധാവി മായാവതി. ഭൂമിതർക്കം വർഷങ്ങളായി തുടർന്നത് നിർഭാഗ്യകരമാണെങ്കിലും ഈ വിഷയത്തിൽ സുപ്രീം കോടതിയുടെ വിധി അംഗീകരിക്കണമെന്ന് മായാവതി അഭ്യർഥിച്ചു. തർക്കം കോടതി അവസാനിപ്പിച്ചു. ഈ വിഷയത്തിൽ രാഷ്‌ട്രീയം കലർത്താൻ ശ്രമിച്ച പാർട്ടികൾക്കും വിരാമമായി. ശിലാസ്ഥാപനത്തിന്‍റെ തീരുമാനം സുപ്രീം കോടതിയുടേതാണ്. കോടതി നൽകുന്ന ഏത് തീരുമാനവും ബിഎസ്‌പി അംഗീകരിക്കുമായിരുന്നുവെന്നും മായാവതി കൂട്ടിച്ചേർത്തു.
രാമക്ഷേത്ര ശിലാസ്ഥാപനം; സുപ്രീം കോടതിയുടെ തീരുമാനം അംഗീകരിക്കണമെന്ന് മായാവതി - മായാവതി
അയോധ്യ ഭൂമിതർക്കം വർഷങ്ങളായി തുടർന്നത് നിർഭാഗ്യകരമാണെങ്കിലും ഈ വിഷയത്തിൽ സുപ്രീം കോടതിയുടെ വിധി അംഗീകരിക്കണമെന്ന് ബഹുജൻ സമാജ് പാർട്ടി മേധാവി മായാവതി അഭ്യർഥിച്ചു
രാമക്ഷേത്രത്തിന്‍റെ ശിലാസ്ഥാപന ചടങ്ങിന്‍റെ ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. രാമക്ഷേത്രത്തിന്‍റെ ഭൂമി പൂജക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഹനുമാൻ ഗാരി ക്ഷേത്രത്തിലും ശ്രീ രാംലാല വിരാജ്‌മാനിലും പൂജ നടത്തും. ശിലാസ്ഥാപനത്തിന്‍റെ അടയാളമായി അദ്ദേഹം ഒരു ഫലകം അനാച്ഛാദനം ചെയ്യുകയും 'ശ്രീരാം ജന്മഭൂമി മന്ദിർ' എന്ന സ്‌മാരക തപാൽ സ്റ്റാമ്പ് പുറത്തിറക്കുകയും ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി ഹനുമാൻ ഗാരി ക്ഷേത്രത്തിൽ ശുചിത്വ പ്രവർത്തനങ്ങൾ കഴിഞ്ഞു. സരയു ഘട്ടും അലങ്കരിച്ചു. ചടങ്ങിന്‍റെ ഭാഗമായി അയോധ്യയിലുടനീളം 11,000 വിളക്കുകൾ കത്തിക്കും. എല്ലാ വീടുകളും വിളക്കുകളുടെ ഉത്സവമായ 'ദീപോത്സവ്' ആഘോഷിക്കും. രാഷ്ട്രീയ സ്വയംസേവക സംഘം (ആർഎസ്‌എസ്) മേധാവി മോഹൻ ഭഗവത്, ഉത്തരാഖണ്ഡ് വിനോദസഞ്ചാര വകുപ്പ് മന്ത്രി സത്പാൽ മഹാരാജ്, മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, ഇക്ബാൽ അൻസാരി, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും.