ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ലെസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ച് ന്യൂകാസല്‍ യുണൈറ്റഡ്. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ന്യൂകാസലിന്‍റെ ജയം. രണ്ടാം പകുതിയില്‍ ഇംഗ്ലീഷ് ഫോര്‍വേഡ് കാള്‍ വില്‍സണ്‍ ന്യൂകാസലിനായി ഇരട്ട ഗോള്‍ സ്വന്തമാക്കി. ആദ്യപകുതിയില്‍ മിഡ്‌ഫീല്‍ഡര്‍ ജോ വില്ലോക്കാണ് ന്യൂകാസലിനായി അക്കൗണ്ട് തുറന്നത്. 12 മിനിട്ടുകള്‍ക്ക് ശേഷം പ്രതിരോധ നിരയിലെ ഡുമ്മെറ്റും ന്യൂ കാസലിനായി വല ചലിപ്പിച്ചു.
വില്സണ് ഇരട്ട ഗോള്‍; ന്യൂകാസലിന് അട്ടിമറി ജയം - newcastle win news
എവേ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകളുടെ ജയമാണ് ന്യൂകാസല്‍ യുണൈറ്റഡ് സ്വന്തമാക്കിയത്
രണ്ടാം പകുതിയിലാണ് ലെസ്റ്റര്‍ സിറ്റിയുടെ ഇരു ഗോളുകളും പിറന്നത്. നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ 10 മിനിട്ട് മാത്രം ശേഷിക്കെ വിങ്ങര്‍ ആല്‍ബ്രിങ്‌ടണും ഏഴ് മിനിട്ടുകള്‍ക്ക് ശേഷം ഇഹനാച്ചോയും ലെസ്റ്ററിനായി ഗോള്‍ കണ്ടെത്തി. സീസണില്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത ലക്ഷ്യമിട്ട് മുന്നേറുന്ന ലെസ്റ്ററിന് തോല്‍വി തിരിച്ചടിയാണ്. പോയിന്‍റ് പട്ടികയില്‍ ആദ്യ നാലില്‍ ഇടം പിടിക്കാനായി വലിയ മത്സരമാണ് പ്രീമിര്‍ ലീഗില്‍ നടക്കുന്നത്.
വെസ്റ്റ്ഹാം, ടോട്ടന്‍ഹാം, ലിവര്‍പൂള്‍ ചെല്‍സി എന്നീ ടീമുകളാണ് ലെസ്റ്ററിന് വെല്ലുവിളി ഉയര്‍ത്തുന്നത്. ലെസ്റ്ററിന് മൂന്നും മറ്റ് ടീമുകള്‍ക്ക് നാലും മത്സരങ്ങളാണ് ലീഗിലെ ഈ സീസണില്‍ അവശേഷിക്കുന്നത്. ലീഗിലെ പോയിന്‍റ് പട്ടികയില്‍ ലെസ്റ്റര്‍ മൂന്നാമതും ന്യൂകാസല്‍ 13-ാമതുമാണ്.