കേരളം

kerala

ETV Bharat / briefs

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി

അടിയന്തര പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

മുഖ്യമന്ത്രി

By

Published : Jun 19, 2019, 2:30 PM IST

തിരുവനന്തപുരം: ആന്തൂർ നഗരസഭയുടെ നടപടിയിൽ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെങ്കിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രിയും തദ്ദേശഭരണ മന്ത്രിയും നിയമസഭയിൽ വ്യക്തമാക്കി. സംഭവത്തെ വെറുമൊരു ആത്മഹത്യയിലൊതുക്കാതെ കൊലപാതകത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച അടിയന്തര പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

സിപിഎം കൗൺസിലർമാർ മാത്രമുള്ള കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയാണ് വിവാദത്തിൽ പെട്ടിരിക്കുന്നത്. പലതവണ കയറിയിറങ്ങിയിട്ടും നഗരസഭ കൺവെൻഷൻ സെന്‍ററിന്‍റെ ഉടമസ്ഥാവകാശ രേഖ നൽകാൻ തയ്യാറാകാത്തതില്‍ മനംനൊന്ത് പ്രവാസി വ്യവസായി സാജൻ പാറയിൽ കഴിഞ്ഞദിവസമാണ് ആത്മഹത്യ ചെയ്തത്. സിപിഎം നിയന്ത്രിക്കുന്ന ആന്തൂർ നഗരസഭ സാജനെ കൊലക്ക് കൊടുക്കുകയായിരുന്നു എന്ന് ഇതു സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ സണ്ണി ജോസഫ് ആരോപിച്ചു.

സംഭവം ദൗർഭാഗ്യകരമാണെന്നും ആർക്കും സംരക്ഷണം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സംഭവത്തിൽ സമഗ്രമായ പൊലീസ് അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രവാസി വ്യവസായിയുടെ മരണം സിപിഎം നടത്തിയ കൊലപാതകമാണെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ABOUT THE AUTHOR

...view details