സതാംപ്റ്റണ്‍: കൊവിഡിനെയും വില്ലനായ മഴയെയും മറികടന്ന ഇംഗ്ലണ്ടിന് പക്ഷെ കരീബിയന്‍ പേസ് ആക്രമണമത്തെ മറികടക്കാനായില്ല. സതാംപ്റ്റണ്‍ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ദിവസം അവസാനം വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റിന് 115 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 26 റണ്‍സെടുത്ത നായകന്‍ ബെന്‍ സ്റ്റോക്സും 13 റണ്‍സെടുത്ത ജോസ് ബട്ട്ലറുമാണ് ക്രീസില്‍. മൂന്ന് വിക്കറ്റെടുത്ത ഷാനണ്‍ ഗബ്രിയേലും രണ്ട് വിക്കറ്റെടുത്ത് നായകന്‍ ജേസണ്‍ ഹോള്‍ഡറുമാണ് വിന്‍ഡീസിനായി തിളങ്ങിയത്. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ പേസ് ആക്രമണത്തിന് മൂര്‍ച്ച കൂട്ടിയ കരീബിയന്‍ പടക്ക് മുന്നില്‍ ഇംഗ്ലീഷ് താരങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല.
കരീബിയന്‍ പേസ് ആക്രമണത്തില്‍ തകര്‍ന്ന് ഇംഗ്ലീഷ് ടീം
വെസ്റ്റ് ഇന്‍ഡീസിനെതിരെ സതാംപ്റ്റണില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങ് ആരംഭിച്ച ഇംഗ്ലീഷ് ക്രിക്കറ്റ് ടീം കരീബിയന്‍ പേസ് ആക്രമണത്തിന് മുമ്പില്‍ തകര്‍ന്നു. രണ്ടാം ദിനം അവസാനം വിവരം ലഭിക്കുമ്പോള്‍ ബെന്‍ സ്റ്റോക്‌സും കൂട്ടരും അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 115 റണ്‍സെടുത്തു
ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം കളി ആരംഭിച്ച ഇംഗ്ലണ്ടിന് 18 റണ്‍സെടുത്ത ജോ ഡെന്‍ലിയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നാലെ 30 റണ്‍സെടുത്ത് നിലയുറപ്പിച്ച ഓപ്പണര്‍ റോറി ബേണ്‍സിന്‍റെ വിക്കറ്റും നഷ്ടമായി. ഗബ്രിയേലാണ് ഇരുവരുടെയും വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ഡെന്‍ലിയെ ബൗള്‍ഡാക്കിയപ്പോള്‍ ഓപ്പണര്‍ ബേണ്‍സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയും പുറത്താക്കി.
അടുത്ത ഊഴം വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡറിന്‍റേതായിരുന്നു. 10 റണ്‍സെടുത്ത സാക്ക് ക്രോളിയെ ഹോള്‍ഡര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി പുറത്താക്കി. പിന്നാലെ 12 റണ്‍സെടുത്ത ഓലി പോപ്പിനെയും ഹോള്‍ഡര്‍ കൂടാരം കയറ്റി. സതാംപ്റ്റണില്‍ ആദ്യ ദിനം മഴ വില്ലനായപ്പോള്‍ 17.4 ഓവര്‍ മാത്രമെ കളി നടന്നിരുന്നുള്ളൂ.