തിരുവനന്തപുരം:കൈക്കൂലി വാങ്ങുന്നതിനിടെ വിഴിഞ്ഞം ഹാർബറിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ. എക്സിക്യൂട്ടീവ് എഞ്ചിനീയർ ദിനേശ് ശങ്കറാണ് വിജിലൻസ് പിടിയിലായത്. കരാറുകാരനായ ചിറയിൻകീഴ് സ്വദേശി മണിക്കുട്ടനിൽ നിന്നും 20000 രൂപ വാങ്ങുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായത്. ഹാർബർ എൻജിനീയറിംഗ് വകുപ്പിന് കീഴിലുള്ള അഞ്ചുതെങ്ങ് ഭാഗത്തെ രണ്ട് റോഡുകളുടെ പണികൾ പൂർത്തീകരിച്ചതിന്‍റെ അവസാന ഗഡു തുകയായ 2,10,000 രൂയുടെ ബില്ല് മാറുന്നതിനായാണ് കരാറുകാരനിൽ നിന്നും ദിനേശ് ശങ്കർ കൈക്കൂലി ആവശ്യപ്പെട്ടത്. തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് ഡി വൈ എസ് പി അബ്ദുൾ വഹാബിന്‍റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് ഇയാളെ പിടികൂടിയത്.
കൈക്കൂലി: വിഴിഞ്ഞം ഹാർബർ എക്സിക്യുട്ടീവ് എഞ്ചിനീയർ അറസ്റ്റിൽ - executive engineer arrested
തുടര്‍ച്ചയായി കൈക്കൂലി ആവശ്യപ്പെട്ട ദിനേശ് ശങ്കറിനെതിരെ കരാറുകാരനാണ് വിജിലൻസിന് പരാതി നൽകിയത്.
നേരത്തേ ഇതേ റോഡ് പണിയുടെ ആദ്യ ബില്ല് മാറുന്നതിന് 25000 രൂപ മുൻപ് കൈക്കൂലിയായി നൽകിയിട്ടുണ്ടെന്ന് കരാറുകാരൻ പറഞ്ഞു. വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് കരാറുകാരൻ തന്നെയാണ് ദിനേശ് ശങ്കറിനെതിരെ വിജിലൻസ് ഹെഡ് ക്വാർട്ടർ ഡിവൈഎസ്പി ഇ എസ് ബിജു മോന് പരാതി നൽകിയത്. തുടർന്ന് വിജിലന്‍സ് ദിനേശ് ശങ്കറിനെ നിരീക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ മുതൽ വിവിധ സ്ഥലങ്ങളിൽ പണവുമായി കരാറുകാരനോട് വരാൻ ആവശ്യപ്പെട്ടെങ്കിലും ദിനേശ് എത്തിയിരുന്നില്ല. പിന്നീട് തിരുവല്ലം വാഴമുട്ടം ഹൈസ്കൂളിന് സമീപം വരാൻ ആവശ്യപ്പെട്ടു. സ്ഥലത്തെത്തിയ ദിനേശ് ശങ്കറിനെ കരാറുകാരൻ നൽകിയ പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെയാണ് വിജിലൻസ് സംഘം പിടികൂടിയത്. പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.