പുതുച്ചേരി: പുതുച്ചേരിയില്‍ 74 കാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ് മരണം 18 ആയി. 64 പേര്‍ക്ക് കൂടി പുതിതായി കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 1337 ആയി. ഇതുവരെ 629 പേര്‍ കൊവിഡില്‍ നിന്ന് രോഗവിമുക്തി നേടിയതായി ആരോഗ്യമന്ത്രി മല്ലടി കൃഷ്ണറാവു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 51 രോഗികളാണ് സുഖം പ്രാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ 9ന് ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച് ഇന്ദിരാഗാന്ധി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വൃദ്ധനാണ് മരിച്ചതെന്ന് ആരോഗ്യ കുടുംബക്ഷേമ ഡയറക്ടർ എസ്.മോഹൻ കുമാർ പറഞ്ഞു. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 857 സാമ്പിളുകള്‍ പരിശോധിച്ചതായും അധികൃതര്‍ അറിയിച്ചു. പോസിറ്റീവ് കേസുകളുടെ നിരക്ക് 7.5 ശതമാനവും മരണനിരക്ക് 1.3 ശതമാനവുമാണ്. ഇതുവരെ ഇവിടെ 24485 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് സ്ഥിരീകരിച്ച 64 പുതിയ കേസുകളിൽ 39 രോഗികളെ പുതുച്ചേരിയിലെ സര്‍ക്കാര്‍ മെഡിക്കൽ കോളജ് ആശുപത്രിയിലും ഒമ്പത് പേരെ കേന്ദ്രഭരണാധികാരമുള്ള ജിപ്‌മെറിൽ പ്രവേശിപ്പിച്ചു. കാരക്കലിലെ സർക്കാർ ജിഎച്ചിൽ പത്ത് പേരെയും അഞ്ച് പേരെ യാനാമിലെ ആശുപത്രിയിലും ചികിത്സക്കായി പ്രവേശിപ്പിച്ചു. വൈറസ് പടരുന്നത് തടയാന്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി നാരായണസ്വാമിയോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി മല്ലടി കൃഷ്ണറാവു പറഞ്ഞു. 'വൈറസിനെ തടയുന്നതിനായി മുഖ്യമന്ത്രി എന്റെ അപേക്ഷ പരിഗണിക്കുകയും കുറഞ്ഞത് അടുത്ത ഞായറാഴ്ചകളിലെങ്കിലും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും' മന്ത്രി കൂട്ടിച്ചേർത്തു.
ഗ്രാമങ്ങളില്‍ മൊബൈല്‍ യൂണിറ്റുകള്‍ ഉപയോഗിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ സ്വാബുകള്‍ ശേഖരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സഹകരിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടതായും ആരോഗ്യമന്ത്രി പറഞ്ഞു.