യോഗി ആദിത്യനാഥിന്‍റെ 'മോദി സേന' പരാമര്‍ശത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ താക്കീത് - തിരഞ്ഞെടുപ്പ് കമ്മീഷൻ
പ്രസംഗത്തിനിടെയാണ് യോഗി ആദിത്യനാഥ് ഇന്ത്യന്‍ സൈന്യത്തെ 'മോദി സേന' എന്ന് വിശേഷിപ്പിച്ചിത്. ഇതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ താക്കീത്. പ്രസ്താവനകള്‍ നടത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആദിത്യനാഥിന് നിര്‍ദേശം നല്‍കി. കഴിഞ്ഞ ആഴ്ച നടത്തിയ പ്രസംഗത്തിനിടെ യോഗി ആദിത്യനാഥ് ഇന്ത്യന്‍ സൈന്യത്തെ 'മോദി സേന' എന്ന് വിശേഷിപ്പിച്ചിരുന്നു. ഈ പരാമര്‍ശത്തിനെതിരെയാണ് നടപടി. യോഗിയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. തുടര്‍ന്ന് യോഗിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി. ഇത്തരം പ്രസ്താവനകളില്‍ നിന്ന് പിന്മാറണമെന്നും. ഭാവിയില്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. സൈന്യത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്മാറണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.