കേരളം

kerala

ETV Bharat / briefs

അര്‍ദ്ധരാത്രിയില്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ പറത്തിയ സംഭവം; ഒരാള്‍ അറസ്റ്റില്‍

വിദേശത്തുള്ള ബന്ധു നൗഷാദിന് സമ്മാനിച്ചതാണ് ഡ്രോണ്‍. നൗഷാദ് വിമാനത്താവളത്തിന് സമീപം മുമ്പും ഡ്രോണ്‍ പറത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു.

ഡ്രോൺ(ഫയൽ ചിത്രം)

By

Published : Mar 31, 2019, 4:22 AM IST

Updated : Mar 31, 2019, 6:54 AM IST

തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം ഇന്നലെ അര്‍ദ്ധ രാത്രിയോടെ കണ്ടെത്തിയ ഡ്രോണിന്‍റെ ഉടമസ്ഥനെ പൊലീസ് പിടികൂടി. വിമാനത്താവളത്തിന്‍റെ കാര്‍ഗോ കോംപ്ലക്സിന് സമീപത്ത് ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ചൈനീസ് നിര്‍മ്മിത ഡ്രോണ്‍ കണ്ടെത്തിയത്. ഡ്രോണ്‍ സിഐഎസ്എഫ് രാത്രി തന്നെ പൊലീസിന് കൈമാറിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡ്രോണിന്‍റെ ഉടമസ്ഥൻ ശ്രീകാര്യം സ്വദേശി നൗഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നൗഷാദില്‍ നിന്ന് ഡ്രോണിന്‍റെ റിമോര്‍ട്ട് പൊലീസ് കണ്ടെടുത്തു.

കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം നഗരത്തിന്‍റെ പല ഭാഗങ്ങളില്‍ ഡ്രോണുകള്‍ കണ്ടതായി റിപ്പോര്‍ട്ടുകൾ വന്നിരുന്നു. കോവളം, കൊച്ചു വേളി തുടങ്ങിയ തീരപ്രദേശങ്ങളും പാളയത്തും വിമാനത്താവളത്തിന് സമീപത്തും രാത്രിയില്‍ ഡ്രോണുകൾ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിരുവനന്തപുരത്തിന്‍റെ തീര പ്രദേശങ്ങളായ കോവളത്തും കൊച്ചു വേളിയിലും ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് പാളയത്തും വിമാനത്താവളത്തിന് സമീപത്തും ഡ്രോണുകൾ കണ്ടതായി റിപ്പോർട്ടുകൾ വന്നത്. അതെ സമയം,സംസ്ഥാന പൊലീസ് ആസ്ഥാനത്തിന് മുകളിലും ഡ്രോണുകൾ പറന്നത് ഏറെ വിവാദങ്ങൾക്ക് കാരണമായി.

ഇതിന് പിന്നാലെ ഡ്രോണുകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കിയിരുന്നു. കൂടാതെ അനധികൃത ഡ്രോണുകളെ കണ്ടെത്താൻ 'ഓപ്പറേഷന്‍ ഉടാന്‍' എന്ന പദ്ധതിയും പൊലീസ് തയ്യാറാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി നഗരത്തില്‍ നിന്ന് രജിസ്ട്രേഷനില്ലാത്ത 24 ഡ്രോണുകള്‍ പൊലീസ് പിടിച്ചെടുത്തു. ബലാക്കോട്ട് ആക്രമണത്തിന് ശേഷം ഭീകരര്‍ രാജ്യത്ത് ഡ്രോണുകള്‍, പാരാ ഗ്ലൈഡ‍റുകൾ, ഹൈഡ്രജൻ ബലൂണുകൾ എന്നിവ ഉപയോഗിച്ച് തീവ്രവാദ ആക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകൾ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പിന്നാലെ തിരുവനന്തപുരം നഗരത്തില്‍ അര്‍ദ്ധരാത്രിയിൽ കണ്ടെത്തിയ ഡ്രോണുകള്‍ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

Last Updated : Mar 31, 2019, 6:54 AM IST

ABOUT THE AUTHOR

...view details