എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിച്ച മുഴുവന്‍ എക്സിറ്റ് പോള്‍ ഫലങ്ങളും തള്ളി കോണ്‍ഗ്രസ് രംഗത്ത്. ഭരണപക്ഷത്തിന് അത്ഭുതമുണ്ടാക്കുന്ന അന്തിമഫലം പുറത്തുവരുമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. മെയ് 23 വരെ കാത്തിരിക്കണമെന്നും കോണ്‍ഗ്രസ് നിങ്ങളെ അത്ഭുതപ്പെടുത്തുമെന്നും എഐസിസി വക്താവ് രാജീവ് ഗൗഡ പറഞ്ഞു. രാജ്യത്ത് ഭയം നിലനില്‍ക്കുന്നെന്നും ജനങ്ങള്‍ക്ക് തങ്ങളുടെ നിലപാട് വ്യക്തമാക്കാനാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
23ന് അത്ഭുതങ്ങൾ സംഭവിക്കും: എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി കോൺഗ്രസ് - എന്‍ഡിഎ
മെയ് 23 വരെ കാത്തിരിക്കണമെന്നും കോണ്‍ഗ്രസ് നിങ്ങളെ അത്ഭുതപ്പെടുത്തുമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.
എക്സിറ്റ് പോള്‍ ഫലങ്ങളില്‍ തനിക്ക് വിശ്വാസമില്ലെന്നും വോട്ടിങ് യന്ത്രത്തില്‍ മാറ്റം വരുത്താനോ തിരിമറി നടത്താനോ ഉള്ള തന്ത്രമാണിതെന്നും തൃണമൂല്‍ കോൺഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പറഞ്ഞു. ബിജെപിക്കെതിരെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ച് നിന്ന് പോരാടുമെന്നും അവര്‍ വ്യക്തമാക്കി. ജനങ്ങളുടെ സ്പന്ദനം അറിയാന്‍ എക്സിറ്റ് പോളുകള്‍ക്ക് കഴിഞ്ഞില്ലെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രതികരിച്ചു. എക്സിറ്റ് പോള്‍ എന്നാല്‍ അവസാന വാക്കല്ലെന്നും 23 വരെ കാത്തിരിക്കാമെന്നും ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള ട്വിറ്ററില്‍ കുറിച്ചു.
എന്‍ഡിഎക്ക് 340 സീറ്റുകള്‍ വരെയാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. എന്‍ഡിഎ 280 സീറ്റിന് മുകളില്‍ നേടുമെന്ന് ഫലങ്ങള്‍ വ്യക്തമാക്കുമ്പോള്‍ 2004 ആവര്‍ത്തിക്കുമെന്ന കണക്കുകൂട്ടലിലാണ് പ്രതിപക്ഷം. 2004ലെ സര്‍വേ ഫലങ്ങള്‍ എന്‍ഡിഎക്ക് വിജയം പ്രവചിച്ചിരുന്നു. എന്നാല്‍ അന്തിമ ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ ബിജെപിക്കുമേല്‍ വിജയം നേടിയ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന്‍റെ പ്രകടനം മോശമായിരിക്കുമെന്ന് പാര്‍ട്ടി ആഭ്യന്തര സര്‍വേകള്‍ വ്യക്തമാക്കുന്നു. എന്‍ഡിഎക്ക് 230 സീറ്റുകള്‍ നേടാനായാല്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കുന്നതില്‍ നിന്ന് തടയാനാകില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ കണക്കുകൂട്ടല്‍.