ദുബായ്: ഐപിഎല്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ നേരിടാന്‍ ഇറങ്ങുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ആവനാഴിയിലെ അസ്‌ത്രങ്ങള്‍ ഓരോന്നും പ്രവചനാതീതം തന്നെയാണ്. ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമില്‍ അധികവും അന്താരാഷ്‌ട്ര ക്രക്കറ്റിലെ വളര്‍ന്നുവരുന്ന താരങ്ങളാണ്. കൊവിഡിനെ അതിജീവിച്ച് തുടങ്ങിയ ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് എന്തുകൊണ്ടും ആധികാരിക ജയമാണ് സ്വന്തമാക്കിയത്. മറുവശത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് അനിശ്ചിതത്വങ്ങള്‍ക്ക് നടുവില്‍ നിന്ന് പോരടിച്ച് ജയിച്ചാണ് ഫൈനല്‍ യോഗ്യത സ്വന്തമാക്കിയത്. ഫൈനല്‍ മത്സരം ഡല്‍ഹിയുടെ വരുതിയിലാക്കാന്‍ സാധിക്കുന്ന അഞ്ച് താരങ്ങള്‍ ഇതാ.
കാസിഗോ റബാദ
ഈ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഐപിഎല്‍ 13ാം സീസണിലെ നമ്പര്‍ വണ്‍ വിക്കറ്റ് വേട്ടക്കാരനാണ്. പ്രതീക്ഷക്കൊത്ത് ഉയര്‍ന്ന പേസര്‍ ഡല്‍ഹിക്ക് വേണ്ടി സീസണില്‍ 29 വിക്കറ്റുകളാണ് വീഴ്‌ത്തിയത്. ലീഗ് തലത്തില്‍ ആദ്യ പകുതിയില്‍ ഡല്‍ഹിക്ക് മേല്‍ക്കൈ നല്‍കി കൊടുക്കുന്നതില്‍ ഈ വലം കൈയന്‍ പേസറുടെ സാന്നിധ്യം നിര്‍ണായകമായിരുന്നു. എതിര്‍ ടീമിലെ പ്രധാന ബാറ്റ്സ്‌മാന്‍മാരുടെ വിക്കറ്റെടുത്തിരുന്നത് പലപ്പോഴും റബാദയായിരുന്നു. ഫൈനല്‍ മത്സരത്തില്‍ റബാദയുടെ പ്രകടനം ഡല്‍ഹിക്ക് നിര്‍ണായകമാകും.
ശിഖര്‍ ധവാന്‍
സീസണില്‍ ഇതിനകം രണ്ട് സെഞ്ച്വറി അടക്കം 603 റണ്‍സാണ് ഈ ഡല്‍ഹി ഓപ്പണറുടെ പേരിലുള്ളത്. ഐപിഎല്ലിലെ ഈ സീസണില്‍ രണ്ടാമത്തെ വലിയ വിക്കറ്റ് വേട്ടക്കാരനാണ് ധവാന്‍. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ പരിചയ സമ്പന്നനായ ബാറ്റ്സ്മാന്‍ എന്ന നിലക്ക് ഡല്‍ഹിക്ക് വേണ്ടി ഫൈനല്‍ മത്സരത്തില്‍ ധവാന്‍റെ സംഭാവന നിര്‍ണായകമാകും. ജസ്‌പ്രീത് ബുമ്രയുടെയും ട്രെന്‍ഡ് ബോള്‍ട്ടിന്‍റെയും ന്യൂ ബോള്‍ ആക്രമണങ്ങളെ തടുക്കാന്‍ ധവാന്‍റെ സാന്നിധ്യം ഡല്‍ഹിക്ക് അനിവാര്യമാണ്.