ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനം ഇത്തവണയും ബിജെപിക്ക് അനുകൂലമായി വിധിയെഴുതി. വ്യക്തമായ ലീഡുമായി ബിജെപി മുന്നേറിയപ്പോള്‍ കോണ്‍ഗ്രസിനും ആം ആദ്മി പാര്‍ട്ടിക്കും കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഏഴ് സീറ്റും ബിജെപി നേടിയപ്പോള്‍ അഞ്ച് സീറ്റില്‍ രണ്ടാമതെത്താന്‍ മാത്രമേ കോണ്‍ഗ്രസിന് കഴിഞ്ഞുള്ളൂ. അന്‍പത് ശതമാനത്തിലേറെ വോട്ട് നേടിയുള്ള ബിജെപി ആധിപത്യത്തില്‍ മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത്, അജയ് മാക്കന്‍ തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പിടിച്ച് നില്‍ക്കാനായില്ല. ബിജെപി സിറ്റിങ് എംപിമാരായ ഹര്‍ഷ് വര്‍ധന്‍, മീനാക്ഷി ലേഖി, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി തുടങ്ങിയവര്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി. മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറും ബോക്സിങ് താരം വിജേന്ദര്‍ സിങ്ങും ജനവിധി തേടിയപ്പോള്‍ ഗംഭീറിന് മാത്രമാണ് ജയിക്കാനായത്.
ഇന്ദ്രപ്രസ്ഥത്തില്‍ സമ്പൂർണ വിജയം - nda
മുഴുവന്‍ സീറ്റും ബിജെപി നേടിയപ്പോള്‍ അഞ്ചിടത്ത് കോണ്‍ഗ്രസിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി മത്സരിക്കുന്നതിന് ഏറെ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസ് നേതൃത്വം സഖ്യത്തില്‍ നിന്നും പിന്മാറുകയായിരുന്നു. 2014ല്‍ രാഷ്ട്രപതി ഭരണത്തിലിരിക്കെയാണ് ഡല്‍ഹി ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 46.40 ശതമാനം വോട്ടു നേടി സമ്പൂര്‍ണ വിജയമായിരുന്നു ബിജെപി നേടിയത്. എന്നാല്‍ രണ്ടാം സ്ഥാനത്തെത്തിയ ആം ആദ്മി പാര്‍ട്ടിയായിരുന്നു ശ്രദ്ധ നേടിയത്. പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 70 സീറ്റില്‍ 67 സീറ്റും നേടി ആം ആദ്മി ചരിത്രം കുറിച്ചിരുന്നു.