കേരളം

kerala

ETV Bharat / briefs

ദക്ഷിണാഫ്രിക്കയില്‍ ക്രിക്കറ്റ് വീണ്ടും സജീവമാകുന്നു - south africa news

കൊവിഡ് 19 ലോക്ക് ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 15 മുതല്‍ ദക്ഷിണാഫ്രിക്കയില്‍ ക്രിക്കറ്റ് പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്.

ദക്ഷിണാഫ്രിക്ക വാര്‍ത്ത കൊവിഡ് 19 വാര്‍ത്ത south africa news covid 19 news
ക്രിക്കറ്റ് സൗത്താഫ്രിക്ക

By

Published : Jun 29, 2020, 9:26 PM IST

ജോഹന്നാസ്ബര്‍ഗ്: പരിശീലനം പുനരാരംഭിക്കാന്‍ ഒരുങ്ങി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങള്‍. രാജ്യത്തെ കായിക മന്ത്രാലയം അനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് പരിശീലനം പുനരാരംഭിക്കാന്‍ സാഹചര്യം ഒരുങ്ങുന്നത്. കൂടാതെ പുതിയ മത്സര ക്രമങ്ങള്‍ ആവിഷ്കരിക്കാനും മന്ത്രാലയത്തിന്‍റ അനുമതി ലഭിച്ചിട്ടുണ്ട്. കൊവിഡ് 19 ലോക്ക് ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 15 മുതല്‍ ദക്ഷിണാഫ്രിക്കയില്‍ ക്രിക്കറ്റ് പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. മാര്‍ച്ച് 27 മുതല്‍ ദക്ഷിണാഫ്രിക്കയില്‍ ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പാക്കിയത്.

മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ച പശ്ചാത്തലത്തില്‍ ക്രിക്കറ്റ് സൗത്താഫ്രിക്ക വ്യാഴാഴ്ച യോഗം ചേരും. ദേശീയ പുരുഷ, വനിതാ ടീമുകളെ വീണ്ടും മത്സരരംഗത്തിറക്കാനാണ് ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ നീക്കം.

നേരത്തെ മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനം കൊവിഡ് 19 കാരണം പാതി വഴിയില്‍ ഉപേക്ഷിച്ചിരുന്നു. ധരംശാലയിലെ ആദ്യ ഏകദിനം മഴ കാരണം ഉപേക്ഷിച്ചപ്പോള്‍ ശേഷിക്കുന്ന മത്സരങ്ങള്‍ കൊവിഡ് 19 ഭീതിയിലും ഉപേക്ഷിച്ചു. കൂടാതെ ജൂണില്‍ നടക്കാനിരുന്ന ശ്രീലങ്കന്‍ പര്യടനവും അടുത്ത മാസത്തേക്ക് മാറ്റി. വിന്‍ഡീസ് പര്യടനവും മാറ്റിവെച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ വനിതാ ടീമിനെയും കൊവിഡ് 19 പ്രതികൂലമായി ബാധിച്ചു. വനിതാ ടീമിന്‍റെ ഓസ്ട്രേലിയന്‍ പര്യടനം മാറ്റിവെച്ചിരിക്കുകയാണ്.

അതേസമയം ഓഗസ്റ്റില്‍ ഇന്ത്യക്ക് എതിരെ ടി-20 പരമ്പര കളിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ബിസിസിഐ ഈ നീക്കത്തെ അനുകൂലിക്കുമോ എന്ന കാര്യം സംശയമാണ്. രാജ്യത്ത് കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രതിദിനം 10,000 കൊവിഡ് 19 കേസുകളാണ് സ്ഥിരീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ ക്രിക്കറ്റ് താരങ്ങളുടെ പരിശീലനം പുനരാരംഭിക്കാന്‍ പോലും ബോര്‍ഡ് അനുമതി നല്‍കിയേക്കില്ല. ഇതിന് മുമ്പ് ഇംഗ്ലണ്ടിലെയും വെസ്റ്റ് ഇന്‍ഡീസിലെയും പാകിസ്ഥാനിലെയും താരങ്ങള്‍ ക്രിക്കറ്റ് പരിശീലനം പുനരാരംഭിച്ചിരുന്നു.

ABOUT THE AUTHOR

...view details