തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി വിശദമായി പരിശോധിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി തയാറാക്കിയ റിപ്പോർട്ട് രണ്ട് ദിവസത്തെ സംസ്ഥാന നേതൃയോഗം ചർച്ച ചെയ്യും. ശനിയാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും തുടർന്ന് സംസ്ഥാന സമിതിയും ചേരും. പാർട്ടിയോട് അകന്നുപോയ വിശ്വാസികളെ തിരികെയെത്തിക്കാൻ ആവശ്യമായ നടപടികൾ വേണമെന്നാണ് കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്. തോൽവിക്ക് കാരണം ശബരിമലയാണെന്ന് പരോക്ഷമായി സമ്മതിക്കുന്നതാണ് റിപ്പോർട്ട്.
തെരഞ്ഞെടുപ്പ് തോല്‍വി: സിപിഎം കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ട് നേതൃയോഗം ചര്‍ച്ച ചെയ്യും - cpm
ശനിയാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും തുടർന്ന് സംസ്ഥാന സമിതിയും ചേരും.
കേരളത്തിൽ പാർട്ടി അനുഭാവികളുടെ പോലും വോട്ട് ഇത്തവണ നഷ്ടമായെന്നും, ഇവ തിരികെ കൊണ്ടുവരുന്നതിന് ആവശ്യമായ നടപടികൾ സംസ്ഥാന ഘടകം തീരുമാനിക്കണമെന്നും കേന്ദ്ര കമ്മിറ്റി നിർദേശം നൽകിയിരുന്നു. തോൽവിക്ക് ഒരു കാരണം മാത്രമാണ് ശബരിമലയെന്ന സംസ്ഥാന ഘടകത്തിന്‍റെ പ്രാഥമിക അവലോകന റിപ്പോർട്ട് പാർട്ടി കീഴ്ഘടകങ്ങൾ ചർച്ച ചെയ്യുകയാണ്. വിഷയത്തിൽ കടുത്ത നിലപാട് ഒഴിവാക്കാൻ സിപിഎം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. വിശ്വാസികളെ പ്രകോപിപ്പിക്കുന്ന നടപടികൾ ഒന്നും വേണ്ടെന്നും നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. പൊലീസിന് മജിസ്റ്റീരിയൽ അധികാരം നൽകുന്നതും യോഗം പരിഗണിക്കും. ബിനോയ് കോടിയേരിക്കെതിരെ യുവതി നൽകിയ പീഡന പരാതി സംസ്ഥാന സമിതിയിൽ ഉന്നയിച്ചേക്കും.