സിഒടി നസീർ വധശ്രമം; പ്രതി കുറ്റസമ്മതം നടത്തി - സിഒടി നസീർ വധശ്രമം
നസീര്‍ വധശ്രമ കേസുമായ് ബന്ധപ്പെട്ട് പിടിയിലായ ആറ് പേരുൾപ്പടെ 11 പേരാണ് പൊലീസ് കോടതിയില്‍ നല്‍കിയ പ്രതിപട്ടികയിലുളളത്
കണ്ണൂർ: സി.ഒ.ടി നസീര്‍ വധശ്രമ കേസില്‍ കുറ്റം സമ്മതിച്ച് പൊട്ടിയന്‍ സന്തോഷ് പൊലീസിന് മൊഴി നല്‍കി. ബുധനാഴ്ച കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ട് നല്‍കിയ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റസമ്മതം നടത്തിയത്. അക്രമികളെ സംഘടിപ്പിച്ചതും നസീറിനെ അക്രമിച്ചതും തന്റെ നിർദ്ദേശപ്രകാരമാണെന്ന് അന്വേഷണ സംഘത്തോട് സന്തോഷ് പറഞ്ഞു. എന്നാല്‍ തനിക്ക് പിന്നിലാരെന്ന് വെളിപ്പെടുത്താന്‍ സന്തോഷ് തയ്യാറായില്ല. ബി.ജെ.പി തലശ്ശേരി മണ്ഡലം പ്രസിഡണ്ട് എം.പി സുമേഷിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പത്ത് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട സന്തോഷിനെ ആറ് ദിവസത്തേക്കാണ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ട് നല്‍കിയിരിക്കുന്നത്. വ്യാഴാഴ്ച പോലീസ് സ്‌റ്റേഷനില്‍ വെച്ച് തന്നെയാണ് പ്രതിയെ അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ വി.കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്.