കാസര്‍കോട്:മത്സ്യബന്ധനത്തിനിടെ കടലിൽ കുടുങ്ങിയ ബോട്ട് ഫിഷറീസ് വകുപ്പ് നിയമവിരുദ്ധമായി പിടിച്ചുവച്ചിരിക്കുന്നതായി പരാതി. മത്സ്യബന്ധനത്തിനിടെ എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് തളങ്കര ഹാര്‍ബറില്‍ അടുപ്പിച്ച സെന്‍റ് മേരിസ് ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ് പരാതിയുമായെത്തിയത്. കരക്കടുപ്പിച്ച ബോട്ടിലെ മത്സ്യങ്ങൾ ലേലം ചെയ്ത് വിറ്റുകിട്ടിയ പണം പോലും നൽകിയില്ലെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിച്ചു. എന്നാൽ നിയമാനുസൃത നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്നാണ് ഫിഷറീസ് വകുപ്പിന്‍റെ വാദം.
ഫിഷറീസ് വകുപ്പ് മത്സ്യബന്ധന ബോട്ട് പിടിച്ചുവച്ചിരിക്കുന്നതായി പരാതി
പരാതിയുമായെത്തിയത് എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് തളങ്കര ഹാര്‍ബറില്‍ അടുപ്പിച്ച സെന്‍റ് മേരിസ് ബോട്ടിലെ മത്സ്യത്തൊഴിലാളികൾ
കന്യാകുമാരിയില്‍ നിന്നും ഗുജറാത്തിലെ ഉൾക്കടലിൽ മത്സ്യബന്ധനം നടത്തി മടങ്ങവെയാണ് സെന്‍റ് മേരിസ് ബോട്ടിന്‍റെ എൻജിൻ തകരാറിലായത്. ഉൾക്കടലിൽ ചുഴലിക്കാറ്റിനെ പോലും അതിജീവിച്ച മത്സ്യത്തൊഴിലാളികൾ ദിവസങ്ങൾക്കൊടുവിലാണ് കരയിലെത്തിയത്. കോസ്റ്റൽ പൊലീസിന്‍റെ സഹായത്തോടെ തളങ്കര ഹാർബറിൽ ബോട്ട് അടുപ്പിക്കുകയായിരുന്നു. എന്നാല്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫിഷറീസ് വകുപ്പ് അധികൃതർ ബോട്ടിലെ ലക്ഷങ്ങൾ വിലവരുന്ന മത്സ്യങ്ങൾ സ്വകാര്യവ്യക്തിക്ക് 40,000 രൂപക്ക് ലേലം ചെയ്‌തെന്നും യാത്രക്കൂലി പോലും നൽകിയില്ലെന്നും ബോട്ടുടമയായ തദേയൂസ് പറഞ്ഞു.
എന്നാൽ മത്സ്യബന്ധനത്തിനുള്ള യാതൊരു രേഖയും ബോട്ട് ഉടമയുടെ കൈയിൽ ഇല്ലെന്നും നിയമപരമായ നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്നുമാണ് ഫിഷറീസ് വകുപ്പ് അധികൃതരുടെ വിശദീകരണം. എന്നാല്‍ മത്സ്യബന്ധനത്തിനുള്ള ലൈസൻസ് തങ്ങളുടെ കൈവശമുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ അവകാശപ്പെടുന്നു. മൂന്നുലക്ഷത്തോളം രൂപ പിഴ നല്‍കിയാല്‍ മാത്രമേ ബോട്ട് വിട്ടുനൽകൂവെന്നാണ് ഫിഷറീസ് അധികൃതർ അറിയിച്ചിരിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കടലിൽ കുടുങ്ങിയ വിവരം നേരത്തെ തന്നെ കന്യാകുമാരിയിലെ ഫിഷറീസ് വിഭാഗത്തെ അറിയിച്ചിരുന്നുവെന്നും ട്രോളിങ് നിരോധന സമയത്ത് ആഴക്കടൽ മത്സ്യബന്ധനം നടത്തിയിട്ടില്ലെന്നും ഇവർ വ്യക്തമാക്കി.