ജോഹന്നാസ്ബെര്‍ഗ്:വര്‍ണവിവേചനത്തിന് എതിരെ ആഗോള തലത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളോട് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുമെന്ന് ഡയറക്ടര്‍ ഗ്രെയിം സ്‌മിത്ത്. ഏത് തരത്തില്‍ പ്രതിഷേധത്തിന്‍റെ ഭാഗമാകണമെന്ന് വരും ദിവസങ്ങളില്‍ തീരുമാനിക്കും. രാജ്യാന്തര തലത്തില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ബോധ്യമുണ്ടെന്നും സ്‌മിത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വര്‍ണ വിവേചനം; ഐക്യദാര്‍ഢ്യവുമായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് - വര്‍ണ വിവേചനം വാര്‍ത്ത
ബുധനാഴ്‌ച ആരംഭിച്ച ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ഇരു ടീം അംഗങ്ങളും മുട്ട് കുത്തി നിന്ന് വര്‍ണ വിവേചനത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
ആഗോള തലത്തില്‍ കായിക മേഖല ഇതിനകം ബ്ലാക്ക് ലൈഫ് മാറ്റര്‍ എന്ന പേരില്‍ നടക്കുന്ന പ്രതിഷേധത്തിന് വിവിധ രീതിയില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കഴിഞ്ഞു. സതാംപ്റ്റണില്‍ ബുധനാഴ്‌ച ആരംഭിച്ച ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ഇരു ടീം അംഗങ്ങളും മുട്ട് കുത്തി നിന്ന് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. കൂടാതെ ടീം അംഗങ്ങള്‍ ബ്ലാക്ക് ലൈഫ് മാറ്റര്‍ ബാഡ്‌ജും ധരിച്ചു.
നേരത്തെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുങ്കി എന്‍ഗിഡി വര്‍ണ വിവേചനത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി രംഗത്ത് വന്നിരുന്നു. അമേരിക്കയില്‍ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്ലോയിഡ് പൊലീസുകാരുടെ ക്രൂരതക്ക് ഇരയായി മരിച്ചതിനെ തുടര്‍ന്നാണ് വര്‍ണ വിവേചനത്തിനെതിരായ പ്രതിഷേധം ആഗോള തലത്തില്‍ ശക്തിയാര്‍ജിക്കുന്നത്.