തൃശൂർ: പച്ചത്തേങ്ങ സംഭരണം പുനരാരംഭിക്കാൻ സർക്കാർ തീരുമാനം. പച്ചത്തേങ്ങ കിലോഗ്രാമിന് 25 രൂപ താങ്ങുവില പ്രകാരം കേരഫെഡ് സൊസൈറ്റികൾ വഴിയാകും സംഭരിക്കുക. പച്ചതേങ്ങാക്കൊപ്പം കൊപ്രയും താങ്ങുവില നൽകി കർഷകരിൽ നിന്നും സംഭരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പച്ചത്തേങ്ങ സംഭരണം പുനരാരംഭിക്കാൻ ഒരുങ്ങി സർക്കാർ - നാഫെഡ് സംഭരണം
പച്ചതേങ്ങാക്കൊപ്പം കൊപ്രയും താങ്ങുവില നൽകി കർഷകരിൽ നിന്നും സംഭരിക്കുവാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നാഫെഡ് സംഭരണം നിർത്തിയാലും കേരഫെഡും നാളികേര വികസന കോർപ്പറേഷനും വഴി സംഭരണം തുടരാനുള്ള വിപുലമായ പദ്ധതിയാണ് സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്
കൊപ്രയുടെ താങ്ങുവിലയ്ക്ക് ആനുപാതികമായി പച്ചത്തേങ്ങവില ഉയർത്താനാണ് സർക്കാർ നടപടികൾ സ്വീകരിച്ചത്. ഇതിനായി നിറുത്തി വെച്ചിരുന്ന പച്ചതേങ്ങയുടെയും കൊപ്രയുടെയും സംഭരണം പുനരാരംഭിക്കും. മുമ്പ് 45 രൂപവരെ വില ലഭിച്ചിരുന്ന പച്ചതേങ്ങ 27ലേക്ക് താഴ്ന്നതിനാലാണ് സംഭരണം പുനരാരംഭിച്ചതെന്ന് കൃഷി മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു.
മുടങ്ങിക്കിടന്ന സംഭരണം സർക്കാർ പുനരാരംഭിച്ചത് നാളികേര കർഷകർക്ക് സഹായകരമാണെന്നും നഷ്ടത്തിലായ നാളികേര വിപണി പിടിച്ചു നിർത്താൻ സർക്കാർ നടപടി സഹായകരമാകുമെന്നും കർഷകർ പ്രതികരിച്ചു. സംസ്ഥാനത്തെ 370 കൃഷിഭവനുകളുടെ പരിധിയിലുള്ളതും കേരഫെഡിന് കീഴിൽ വരുന്നതുമായ 900 സഹകരണ സംഘങ്ങൾ വഴിയാകും കർഷകരിൽ നിന്നും സംഭരണം നടത്തുക. ദേശീയതലത്തിൽ നോഡൽ ഏജൻസിയായ നാഫെഡ് നിശ്ചയിച്ചിട്ടുള്ള താങ്ങുവിലയായ 95.21 രൂപ നിരക്കിലാണ് നാളികേര വികസന കോർപ്പറേഷൻ, കേരഫെഡ് എന്നിവ വഴി കൊപ്ര സംഭരിക്കുക.