കോട്ടയം: പാര്‍ട്ടിയിലെ പൊട്ടിത്തെറിക്ക് ശേഷവും നിലപാടുകളില്‍ മാറ്റമില്ലാതെ ജോസഫ്- ജോസ് കെ മാണി വിഭാഗങ്ങള്‍. പാർട്ടി ചെയർമാനെ കണ്ടെത്താൻ സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന നിലപാടിലാണ് ജോസ് കെ മാണി. എന്നാല്‍ സമവായങ്ങളിലൂടെയാണ് ചെയർമാനെ കണ്ടെത്തേണ്ടത് എന്നാണ് പി ജെ ജോസഫിന്‍റെ വാദം.
കേരളാ കോണ്‍ഗ്രസില്‍ പോര് മുറുകുന്നു; അയവില്ലാതെ ഇരു വിഭാഗങ്ങളും - പി ജെ ജോസഫ്
പാര്‍ട്ടിയെ തകര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് ജോസ് കെ മാണിയും പി ജെ ജോസഫും.

ചിലരുടെ സ്വാർഥ താൽപര്യങ്ങൾക്ക് വേണ്ടി പാർട്ടിയെ തകർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് ജോസ് കെ മാണി ആരോപിച്ചു . കെ എം മാണി കെട്ടിപ്പടുത്ത പാർട്ടിയെ തകർക്കാൻ അനുവദിക്കില്ല. ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന ആവശ്യം മാണി വിഭാഗം വീണ്ടും ഉയര്‍ത്തി. കോടതിയിൽ കേസുള്ളതിനാൽ ഓഗസ്റ്റ് മൂന്ന് വരെ സംസ്ഥാന കമ്മിറ്റി വിളിക്കാനാവില്ലെന്ന നിലപാടില്‍ ജോസഫ് വിഭാഗവും ഉറച്ചു നില്‍ക്കുന്നു. പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് പി ജെ ജോസഫും സമ്മതിക്കുന്നു. ഇല്ലാത്ത കത്തിന്‍റെ പേരില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവരും ഭരണഘടനയെ കുറിച്ച് അറിവില്ലാത്തവരും പാര്‍ട്ടിയുടെ തകര്‍ച്ച ആഗ്രഹിക്കുന്നവരാണ്. ചെയർമാനെ തെരഞ്ഞെടുത്തുവെന്ന് കാണിച്ച് ഇലക്ഷൻ കമ്മീഷന് കത്ത് നൽകിയിട്ടില്ലെന്ന വാദത്തില്‍ പി ജെ ജോസഫ് ഉറച്ചുനിന്നു. എന്നാല്‍ താല്‍ക്കാലിക ചെയർമാനെ സംബന്ധിച്ച് കത്ത് നൽകിയോ എന്ന് അറിയില്ലെന്നും അങ്ങനെയാണെങ്കില്‍ അത് സ്വാഭാവിക നടപടി ക്രമമാണെന്നും ജോസഫ് പറയുന്നു.
മോൻസ് ജോസഫ് വിദേശപര്യടനത്തിന് പോയതിനാല്‍ പാർലമെന്‍ററി പാർട്ടി യോഗം അനിശ്ചിതത്വത്തിലാണ്. വാദങ്ങളും പ്രതിവാദങ്ങളുമായി ഇരുവിഭാഗങ്ങളും കൊമ്പു കോര്‍ക്കുമ്പോള്‍ കേരളാ കോൺഗ്രസിലെ പോര് തുറന്ന യുദ്ധത്തിലേക്കാണ് നീങ്ങുന്നത്.