ജയ്‌പൂർ:ഗോ സംരക്ഷണത്തിന് രാജ്യം മുഴുവന്‍ പല തരത്തിലുമുള്ള പ്രചാരണങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നുണ്ട്. പശുക്കളെ സംരക്ഷിക്കുവാന്‍ ജനങ്ങള്‍ക്ക് പ്രചോദനമേകി വരുന്നുമുണ്ട്. ചുരുവിലെ ശ്രീ ബാലാജി ഗോശാല ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാനത്ത് മൃഗ സംരക്ഷണത്തിന്‍റെ കാര്യത്തില്‍ ഇത്തരത്തിലുള്ള ഒരു ഉത്തമ ഉദാഹരണമാണ്. ഈ ഗോശാലയില്‍ നാല്‍ക്കാലികള്‍ക്ക് പ്രത്യേക പരിചരണമാണ് ലഭിച്ചു വരുന്നത്. റിവേഴ്‌സ് ഓസ്‌മോസിസ് ചെയ്ത ജലവും ഇസ്രായേല്‍ നിര്‍മ്മിതമായ സാങ്കേതികവിദ്യയാല്‍ വളര്‍ത്തുന്ന ജൈവ പച്ചപ്പുല്ലുമാണ് ഇവിടെ നാല്‍ക്കാലികള്‍ക്ക് നല്‍കുന്നത് എന്നുള്ളതാണ് ഈ ഗോശാലയുടെ ഒരു പ്രത്യേകത. നൂറുകണക്കിന് കന്നുകാലികളുണ്ട് ഈ ഗോശാലയില്‍ എന്നതിനാല്‍ അവയ്‌ക്ക് നൽകുന്നതിനായി ഒരു മണിക്കൂറില്‍ 1000 റോട്ടികള്‍ ഉല്‍പ്പാദിപ്പിക്കുന്ന ആധുനിക യന്ത്രങ്ങളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
മൃഗസംരക്ഷണത്തിന് മാതൃകയായി ചുരുവിലെ ശ്രീ ബാലാജി ഗോശാല ഇന്‍സ്റ്റിറ്റ്യൂട്ട്
ഈ ഗോശാലയില്‍ ഏതാണ്ട് 1600-ഓളം കന്നുകാലികളുണ്ടെന്നും അവയില്‍ മിക്കവയും വൈകല്യങ്ങള്‍ സംഭവിച്ചവയോ അനാഥമായി അലഞ്ഞു തിരിഞ്ഞു നടന്നവയോ ആണ്
ഈ ഗോശാലയില്‍ ഏതാണ്ട് 1600-ഓളം കന്നുകാലികളുണ്ടെന്നും അവയില്‍ മിക്കവയും വൈകല്യങ്ങള്‍ സംഭവിച്ചവയോ അനാഥമായി അലഞ്ഞു തിരിഞ്ഞു നടന്നവയോ ആണെന്നും ശ്രീ ബാലാജി ഗോശാല ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്‍റായ രവിശങ്കര്‍ പൂജാരി പറയുന്നു. അവയെ നിരീക്ഷിക്കുന്നതിനായി ഗോശാലയില്‍ 37 സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഗോശാലയില്‍ ലഭിക്കുന്ന ചാണകം കൊണ്ട് ചന്ദനത്തിരികളും മറ്റും നിര്‍മ്മിക്കുന്നു. ഗോമൂത്രം, പാല്‍, ചാണകം എന്നിവയില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന വിവിധ തരത്തിലുള്ള ഉല്‍പ്പന്നങ്ങളും ഇവിടെ ലഭ്യമാണ്. ഗോകഷ്ട്, ദൂബട്ടി, ഗൊനായല്‍ എന്നിവയൊക്കെ ഇവിടെ ഉല്‍പ്പാദിപ്പിച്ചു വരുന്നു. ഗോശാലയില്‍ നാല്‍ക്കാലികളെ ചികിത്സിക്കുന്നതിനും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനു വേണ്ടി ഐസിയു, എക്‌സ്‌റെ മുറി, ട്രൂമ വാര്‍ഡ്, ഓപ്പറേഷന്‍ തിയറ്റര്‍, ഒപിഡി എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
ഗോശാലക്ക് പുറമെ ഈ സമുച്ചയത്തില്‍ ഒൻപത് നിലകളിലായി പക്ഷികള്‍ക്ക് വേണ്ടി ഒരു എയര്‍കണ്ടീഷന്‍ ചെയ്ത റൂമുകളും ഒരുക്കിയിട്ടുണ്ട്. ഇതിനകത്ത് 1000 പക്ഷികള്‍ക്ക് ജീവിക്കുവാനുള്ള സൗകര്യമാണുള്ളത്. സര്‍ക്കാരിന്‍റെ ധനസഹായത്തോടെയും നിരവധി പേരുടെ സംഭാവനകളിലൂടേയും ആണ് ഗോശാലയിലെ ഈ സൗകര്യങ്ങള്‍ എല്ലാം തന്നെ ഒരുക്കിയിട്ടുള്ളത്. ഇവിടെ നാല്‍ക്കാലികളെ പരിപാലിക്കുന്നതിനായി 60 ജീവനക്കാരുമുണ്ട്. പ്രായമായി വയ്യാതായ നാല്‍ക്കാലികളെ പരിരക്ഷിക്കുന്നതിനു വേണ്ടി നടത്തുന്ന മനോഹരമായ ഒരു ഉദാഹരണമാണ് സലാസറിലെ ഈ മാതൃക എന്ന് പറയേണ്ടിയിരിക്കുന്നു.