ഗാനരചയിതാവ് വൈരമുത്തുവിനെതിരെ മീ ടൂ ആരോപണങ്ങളുന്നയിച്ച ഗായിക ചിന്മയി ശ്രീപദ ദേശീയ വനിതാ കൗണ്‍സിലിന് പരാതി നല്‍കി. ട്വിറ്ററിലൂടെയാണ് ഇക്കാര്യം ചിന്മയി സ്ഥിരീകരിച്ചത്.
വൈരമുത്തുവിനെതിരെ നിയമനടപടിയുമായി ഗായിക ചിന്മയി - ചിന്മയി
വിഷയത്തിന് പരിഹാരം തേടണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രി മനേക ഗാന്ധിക്കും ചിന്മയി ട്വീറ്റ് ചെയ്തിട്ടുണ്ട്.
പ്രശ്‌നപരിഹാരത്തിന് കേന്ദ്ര മന്ത്രി മനേക ഗാന്ധി തന്നെ സഹായിക്കുമെന്നാണ് കരുതുന്നതെന്നും ചിന്മയി പറഞ്ഞു. വൈരമുത്തുവിനെ കുറിച്ച് ആരോപണങ്ങളുന്നയിച്ചത് നാലുമാസം മുമ്പാണെന്നും അന്നുമുതല്‍ തമിഴ് സിനിമാ മേഖല തനിക്ക് വിലക്കേര്‍പ്പെടുത്തിയെന്നും ചിന്മയി പറയുന്നു. തന്‍റെ അനുഭവം കണ്ട് പ്രതികരിക്കണമെന്നാഗ്രഹിക്കുന്നവര്‍ പോലും പിന്‍വലിഞ്ഞു. ഇനി താനെന്താണ് ചെയ്യേണ്ടതെന്നും ചിന്മയി ചോദിക്കുന്നു.
അതേസമയം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് യൂണിയനില്‍ നിന്നും തന്നെ പിരിച്ചു വിട്ട നടപടി ഇപ്പോഴും അതേപടി തുടരുന്നുവെന്നും ഗായിക ട്വീറ്റ് ചെയ്തു. കഴിഞ്ഞ ഒക്ടോബറിലാണ് വൈരമുത്തുവിനെതിരെ ശക്തമായ ലൈംഗികാരോപണങ്ങളുമായി ചിന്മയി രംഗത്തെത്തിയത്. മീ ടൂ ആരോപണങ്ങള്‍ക്ക് തുടക്കം കുറിച്ച സംഭവങ്ങളിലൊന്നായിരുന്നു അത്. സ്വിറ്റ്‌സര്‍ലന്‍റിലെ ഒരു പരിപാടിക്കിടെ വൈരമുത്തുവിനെ ഒരു ഹോട്ടലില്‍ ചെന്ന് കാണണമെന്നാവശ്യവുമായി സംഘാടകരിലൊരാള്‍ സമീപിച്ചുവെന്നാണ് ഗായിക ആരോപിച്ചത്. ഈ സംഭവത്തിന് മുമ്പും വൈരമുത്തു തന്നെ ജോലി സ്ഥലത്ത് വച്ച് അപമാനിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഗായിക ആരോപിച്ചിരുന്നു.