കേരളം

kerala

ETV Bharat / briefs

നിയമസഭാ ചോദ്യങ്ങള്‍ക്ക് നിശ്ചിത സമയത്തിനകം മറുപടി നല്‍കണം

മറുപടിയില്‍ കാലതാമസം നേരിട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി

kerala

By

Published : May 3, 2019, 8:25 AM IST

തിരുവനന്തപുരം:നിയമസഭാ ചോദ്യങ്ങള്‍ക്ക് നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ മറുപടി നൽകിയില്ലെങ്കിൽ ഇനി മുതൽ കർശന നടപടി സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. നിയമസഭയിലെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ വലിയ കാലതാമസമെടുക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ സർക്കുലർ. സമ്മേളനങ്ങളിൽ പല വകുപ്പുകളും കൃത്യമായ മറുപടി നൽകുന്നില്ലെന്ന് ചൂണ്ടികാട്ടി പ്രതിപക്ഷം നൽകിയ പരാതിയെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറിയുടെ കര്‍ശന നിർ‍ദ്ദേശം.

13-ാം നിയമസഭാ സമ്മേളനത്തിലെ 50 ചോദ്യങ്ങള്‍ക്കും 14-ാം സമ്മേളനത്തിലെ 77 ചോദ്യങ്ങള്‍ക്കും ഇതേ വരെ ഉത്തരം നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. കുഞ്ഞനന്തനുള്‍പ്പെടെയുള്ള സിപിഎമ്മുകാരായ തടവുകാർക്ക് പരോള്‍ അനുവദിച്ചതിലെ മാനദണ്ഡം, മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ വിദേശ യാത്രവിവരങ്ങള്‍, ശബരിമല സ്ത്രീ പ്രവേശന ഉത്തരവിനെ തുടർന്നുള്ള അക്രമ സംഭവങ്ങളുടെ വിശദാംശങ്ങള്‍, ഈ സ‍ർക്കാർ അധികാരത്തിൽ വന്നതിനുശേഷം പിൻവലിച്ച ക്രിമനൽ കേസുകള്‍ തുടങ്ങി പ്രതിപക്ഷ എംഎൽഎമാർ ഉന്നയിച്ച പ്രധാന ചോദ്യങ്ങള്‍ക്കൊന്നും ഇതുവരെ മറുപടി നൽകിയിട്ടില്ലെന്ന് പരാതിയില്‍ ചൂണ്ടികാട്ടി. ആഭ്യന്തരം, ധനകാര്യം, നിയമവകുപ്പുകളാണ് മറുപടി നൽകുന്നതിൽ വീഴ്ചവരുത്തുന്നതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.

നിയമസഭാ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയുണ്ടാകണമെന്ന സ്പീക്കർ റൂളിംഗ് നൽകിയിട്ടും അത് നടപ്പിലായില്ലെന്ന് പരാതിയിൽ ചൂണ്ടികാട്ടിയിരുന്നു. ഇതേ തുടർന്നാണ് ചീഫ് സെക്രട്ടറി ക‍ര്‍ശന നിർദ്ദശം നല്‍കിയിരിക്കുന്നത്. ഇത്തരം പരാതികള്‍ ഭാവിയിലുണ്ടാകാതിരിക്കാൻ സെക്രട്ടറിമാർ കർശന നടപടികളെടുക്കണമെന്നും വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും ചീഫ് സെക്രട്ടറി നിർദ്ദേശം നല്‍കി.

ABOUT THE AUTHOR

...view details