കേരളം

kerala

ETV Bharat / briefs

ഈശ്വര ചന്ദ്ര വിദ്യാസാഗര്‍: ബംഗാളിന്‍റെ നവോത്ഥാന നായകന്‍ - ishwar chandra vidyasagar

ഈശ്വരചന്ദ്രയുടെ പ്രതിമക്കെതിരായ അക്രമം അദ്ദേഹത്തിന്‍റെ ആശയങ്ങളോടുള്ള കലഹമായി തന്നെ കാണേണ്ടതുണ്ട്.

ഈശ്വര ചന്ദ്ര വിദ്യാസാഗര്‍

By

Published : May 18, 2019, 7:34 PM IST

Updated : May 18, 2019, 11:04 PM IST

വ്യക്തി താല്‍പ്പര്യങ്ങളേക്കാള്‍ ദേശീയ-സാമൂഹിക താല്‍പ്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കേണ്ടത് ഓരോ പൗരന്‍റേയും കടമയാണ്- ബംഗാളിന്‍റെ നവോത്ഥാന നായകന്‍ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്‍റെ വാക്കുകളാണിത്.

സാമൂഹിക പരിഷ്കര്‍ത്താവെന്ന നിലയില്‍ ബംഗാളിന്‍റെ എല്ലാ മേഖലകളിലും വിദ്യാസാഗറിന്‍റെ ഇടപെടലുകള്‍ ഉണ്ടായിരുന്നു. രാജാറാം മോഹന്‍ റോയിയുടെ ആശയങ്ങള്‍ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. ഏറെ അടിച്ചമര്‍ത്തലുകള്‍ അനുഭവിച്ച സ്ത്രീകളുടെ ഉന്നമനത്തിനായി നടത്തിയ നിസ്വാര്‍ഥ സേവനങ്ങള്‍ നിസാരമായിരുന്നില്ല. 1855 ല്‍ വിധവാ വിവാഹത്തിന് അനുകൂലമായി ആരംഭിച്ച പ്രസ്ഥാനത്തിന്‍റെ പോരാട്ടങ്ങള്‍ സര്‍ക്കാരിനെ മാറ്റി ചിന്തിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കി. വിധവാ വിവാഹം നിയമവിധേയമാക്കിക്കൊണ്ട് സര്‍ക്കാര്‍ നിയമം പാസാക്കി.

വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സമൂല പരിഷ്കരണങ്ങളായിരുന്നു അദ്ദേഹം നടപ്പാക്കിയത്. കൊല്‍ക്കത്തയിലെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ 1859 ല്‍ മെട്രോപൊളിറ്റന്‍ എന്ന പേരില്‍ സ്ഥാപനം ആരംഭിച്ചു. പിന്നീട് 1917 ല്‍ അത് വിദ്യാസാഗര്‍ കോളജ് എന്ന് പുനര്‍നാമകരണം ചെയ്തു. ബംഗാളി അക്ഷരമാല പഠിക്കുന്നതിനായി ഇപ്പോഴും പിന്തുടരുന്ന 'പൊരിചൊയ്' എന്ന പുസ്തകം വിദ്യാസാഗറിന്‍റേതാണ്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി അദ്ദേഹം സ്വന്തം ചിലവില്‍ അവര്‍ക്കായി 35 സ്കൂളുകള്‍ ആരംഭിച്ചു. വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടികള്‍ വിധവകളാകുമെന്ന വിശ്വാസം നിലനിന്നിരുന്നയിടത്ത് ഭീഷണിയും അധിക്ഷേപവും മറികടന്ന് പെണ്‍കുട്ടികള്‍ പഠിക്കാനെത്തിയത് വിദ്യാസാഗറിന്‍റെ ഉറച്ച ലക്ഷ്യബോധത്തിനുള്ള അംഗീകാരമായി. സമൂഹത്തില്‍ നിലനിന്നിരുന്ന ശൈശവ വിവാഹം,ബഹുഭാര്യാത്വം എന്നീ അനാചാരങ്ങള്‍ക്കെതിരെ അദ്ദേഹം പോരാടി.

1820 സെപ്റ്റംബര്‍ 26 ന് ബംഗാളിലെ മിഡ്നാപൂര്‍ ജില്ലയിലെ ബീര്‍ സിംഹാ ഗ്രാമത്തിലെ ഒരു ദരിദ്ര ബ്രാഹ്മണ കുടുംബത്തിലായിരുന്നു വിദ്യാസാഗറിന്‍റെ ജനനം. പ്രതികൂല ജീവിത സാഹചര്യങ്ങളോട് പോരാടിയാണ് അദ്ദേഹം ഉന്നത വിദ്യാഭ്യാസം നേടിയത്. സംസ്കൃതത്തിലും തത്വചിന്തയിലുമുള്ള അഗാധമായ അറിവ് വിദ്യാസാഗറെന്ന പദവിക്ക് അദ്ദേഹത്തെ അര്‍ഹനാക്കി. തത്വചിന്തകന്‍, എഴുത്തുകാരന്‍, പരിഭാഷകന്‍, സംരംഭകന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച അദ്ദേഹം 1839 ല്‍ നിയമബിരുദവും നേടി. ദൈവത്തിന്‍റെ ഒരു അത്ഭുത സൃഷ്ടിയായി നാല് കോടി ബംഗാളികള്‍ക്കിടയില്‍ ഒരു മനുഷ്യനെന്ന് രവീന്ദ്രനാഥ ടാഗോര്‍ വിശേഷിപ്പിച്ച ഈശ്വര ചന്ദ്ര 1891 ജൂലൈ 29 ന് അന്തരിച്ചു. അറിവിനൊപ്പം ദയവിന്‍റേയും ഉദാരതയുടേയും സമുദ്രമാണ് ഈശ്വര്‍ ചന്ദ്രയെന്ന മഹാത്മ ഗാന്ധിയുടെ വാക്കുകള്‍ അദ്ദേഹത്തിന് സമൂഹത്തില്‍ ലഭിച്ച ആദരവ് വ്യക്തമാക്കുന്നു. ഈശ്വരചന്ദ്രയുടെ പ്രതിമക്കെതിരായ അക്രമം അദ്ദേഹത്തിന്‍റെ ആശയങ്ങളോടുള്ള കലഹമായി തന്നെ കാണേണ്ടതുണ്ട്.

Last Updated : May 18, 2019, 11:04 PM IST

ABOUT THE AUTHOR

...view details