മധ്യപ്രദേശിന് 50 ടൺ വീതം ഓക്സിജൻ വിതരണം ചെയ്യാൻ കേന്ദ്രാനുമതി - ഓക്സിജൻ സിലൻഡർ
കേന്ദ്രത്തിൽ നിന്നുള്ള വിതരണം ആരംഭിക്കുന്നതോടെ സംസ്ഥാനത്ത് ഓക്സിജൻ ലഭ്യത 180 ടൺ ആയി വർധിക്കും.
ഭോപ്പാൽ: സംസ്ഥാനത്തേക്ക് പ്രതി ദിനം 50 ടൺ ഓക്സിജൻ സിലൻഡർ വീതം വിതരണം ചെയ്യാൻ കേന്ദ്രം അനുമതി നൽകിയതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. പ്രതിസന്ധി ഘട്ടത്തിൽ സംസ്ഥാനത്തിന് പിന്തുണ നൽകിയ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര മന്ത്രി പീയുഷ് ഗോയലിനും നന്ദി അറിയിക്കുന്നതായി അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.
നേരത്തെ സംസ്ഥാനത്തിന് ആവശ്യമായ ഓക്സിജൻ സിലൻഡറുകൾ മഹാരാഷ്ട്രയിൽ നിന്നാണ് എത്തിയിരുന്നത്. എന്നാൽ അത് മുടങ്ങിയതോടെയാണ് കേന്ദ്രത്തെ സമീപിച്ചതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായി ഇതു സംബന്ധിച്ച് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശിലെ പ്ലാൻ്റുകളോടും ഓക്സിജൻ ഉൽപാദനം 50 മുതൽ 60 ശതമാനം വരെ വർധിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തിൽ നിന്നുള്ള വിതരണം ആരംഭിക്കുന്നതോടെ സംസ്ഥാനത്ത് ഓക്സിജൻ ലഭ്യത 180 ടൺ ആയി വർധിക്കുമെന്നും ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.