സിഡ്‌നി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ ഭാഗമായുള്ള മൂന്ന് മത്സരങ്ങളില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി കളിക്കില്ലെന്നത് നിരാശപ്പെടുത്തിയെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവോ. അപ്രതീക്ഷിത തീരുമാനമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. കോലി അഡ്‌ലെയ്‌ഡില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങുമെന്ന് ബിസിസിഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് സ്റ്റീവോയുടെ പ്രതികരണം. വിരാട് കോലി-അനുഷ്‌ക ശര്‍മ താര ദമ്പതികള്‍ക്ക് ജനുവരിയില്‍ കുഞ്ഞു പിറക്കാനിരിക്കവെയാണ് കോലിയുടെ പിന്‍മാറ്റം.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി; കോലിയുടെ അസാന്നിധ്യം നിരാശപ്പെടുത്തിയെന്ന് സ്റ്റീവോ - ഓസിസ് പര്യടനം വാര്‍ത്ത
വിരാട് കോലി-അനുഷ്‌ക ശര്‍മ താര ദമ്പതികള്‍ക്ക് ജനുവരിയില്‍ കുഞ്ഞു പിറക്കാനിരിക്കവെയാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ ഭാഗമായുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും കോലിയുടെ പിന്‍മാറ്റം
കുടുംബത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നും 168 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച സ്റ്റീവോ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി തിരിച്ച് പിടിക്കാനുള്ള ഓസ്‌ട്രേലിയന്‍ ടീമിന്‍റെ ശ്രമങ്ങള്‍ക്ക് കോലിയുടെ പിന്‍മാറ്റം ഗുണകരമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. നാല് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയുടെ ഭാഗമായി ടീം ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുക.
ഐപിഎല്‍ ഫൈനല്‍ പോരാട്ടത്തിന് ശേഷം നവംബര്‍ 12ാം തീയ്യതിയോടെ ടീം ഇന്ത്യ ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി തിരിക്കും. മൂന്ന് വീതം ടി20യും ഏകദിനവും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ ഭാഗമായി ടീം ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കും. പരമ്പരക്ക് മുന്നോടിയായി ടീം അംഗങ്ങള്‍ സിഡ്‌നിയില്‍ ക്വാറന്‍റൈനില്‍ കഴിയും. പര്യടനത്തിന്‍റെ ഭാഗമായുള്ള ആദ്യ മത്സരം നവംബര്‍ 27നാണ്. ഏകദിന പരമ്പരയാണ് ടീം ഇന്ത്യ ആദ്യമായി കളിക്കുക. കൊവിഡ് പശ്ചാത്തലത്തില്‍ ബയോ സെക്വയര്‍ ബബിളിനുള്ളിലാകും മത്സരങ്ങള്‍.