ബീജിംഗ് : ചൈനീസ് തലസ്ഥാനത്ത് ഭക്ഷ്യ-പാനീയ കമ്പനിയായ പെപ്സികോയിലെ ജീവനക്കാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ കമ്പനിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു.
ജീവനക്കാർക്ക് കൊവിഡ് ; ബീജിംഗിലെ പെപ്സികോ കമ്പനി അടച്ചുപൂട്ടി
നഗരത്തിലെ റെസ്റ്റോറന്‍റുകൾ, ഫുഡ് ഡെലിവറി സേവനങ്ങൾ, കച്ചവടക്കാർ എന്നിവയിൽ ഉൾപ്പെടുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക് കൊവിഡ് പരിശോധനകൾ നടത്തിയിരുന്നു.
നഗരത്തിലെ റെസ്റ്റോറന്‍റുകൾ, ഫുഡ് ഡെലിവറി സേവനങ്ങൾ, കച്ചവടക്കാർ എന്നിവയിൽ ഉൾപ്പെടുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക് കൊവിഡ് പരിശോധനകൾ നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി രാജ്യത്ത് 32 പുതിയ കൊവിഡ് 19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷൻ (എൻഎച്ച്‌സി) അറിയിച്ചു. ആഭ്യന്തരമായി പകരുന്ന കേസുകളിൽ 22 കേസുകൾ ബീജിംഗിലും മൂന്ന് കേസുകൾ ഹെബി പ്രവിശ്യയിലും കണ്ടെത്തി.
ശനിയാഴ്ച ഏഴ് പുതിയ ലക്ഷണങ്ങളില്ലാത്ത കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിദേശത്തു നിന്നുള്ള 58 കേസുകൾ ഉൾപ്പെടെ 111 രോഗ ലക്ഷണങ്ങളില്ലാത്ത കേസുകൾ ഇപ്പോഴും നിരീക്ഷണത്തിലാണ്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ബീജിംഗിൽ ജൂൺ 11 മുതൽ 20 വരെ 227 കേസുകൾ റിപ്പോർട്ട് ചെയ്തു. ജൂൺ 11 മുതൽ 20 വരെ 2.29 ദശലക്ഷം സാമ്പിൾ പരിശോധിച്ചിട്ടുണ്ട്. റെസ്റ്റോറന്‍റുകൾ, ഫുഡ് ഡെലിവറി സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ ഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളിലെയും ജീവനക്കാരെ പരിശോധിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. കഴിഞ്ഞ വർഷം ഡിസംബറിൽ ആദ്യമായി വൈറസ് കണ്ടെത്തിയ വുഹാനിൽ കഴിഞ്ഞ മാസം 11 ദശലക്ഷം പ്രദേശവാസികളെ പരിശോധിച്ചിരുന്നു. നഗരത്തിലെ പ്രധാന സിൻഫാദി മൊത്തക്കച്ചവട ചന്തയിൽ മെയ് 30 മുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ബീജിംഗ് കൊവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്.