ന്യൂഡല്‍ഹി: ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റ് ലീഗായ ഐപിഎല്‍ 13ാം സീസണ്‍ വിദേശത്തേക്ക് മാറ്റാന്‍ നീക്കം. ഇതു സംബന്ധിച്ച ബിസിസിഐയുടെ പ്രഖ്യാപനം അടുത്ത് തന്നെ ഉണ്ടായേക്കുമെന്ന് സൂചന. ബിസിസഐ വൃത്തങ്ങള്‍ ദേശീയ വാര്‍ത്ത ഏജന്‍സിയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടി20 ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട അന്തിമ തീരുമാനത്തിനായി ബിസിസിഐ കാത്തിരിക്കുകയാണ്. രാജ്യത്തെ കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് ലീഗ് വിദേശത്തേക്ക് മാറ്റാന്‍ നീക്കം നടക്കുന്നത്.
ഐപിഎല്‍ വിദേശത്തേക്ക് മാറ്റാന്‍ നീക്കമെന്ന് ബിസിസിഐ വൃത്തങ്ങള്‍
ഐപിഎല്‍ മത്സരങ്ങള്‍ വിദേശത്തേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ബിസിസിഐയുടെ ഭാഗത്ത് നിന്നും അടുത്ത ദിവസം ഉണ്ടാകുമെന്നാണ് സൂചന
യുഎഇയും ശ്രീലങ്കയുമാണ് ഐപിഎല്‍ മത്സരങ്ങള്‍ക്കായി പരിഗണിക്കുന്ന വേദികള്‍. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. അതേസമയം മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തിലാകും നടക്കുകയെന്ന് വ്യക്തമാക്കി ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ രംഗത്ത് വന്നു. മത്സരം നടക്കുന്ന സ്ഥലം എവിടെ ആയാലും കാണികളില്ലാതെയാകും ടൂര്‍ണമെന്‍റ് നടക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ശ്രീലങ്കയും യുഎഇയും ഐപിഎല്ലിന് ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധത അറിയിട്ട് രംഗത്ത് വന്നിട്ടുണ്ട്. പക്ഷെ പ്രഥമ പരിഗണന ഇന്ത്യക്കായിരിക്കും. രാജ്യത്ത് മത്സരം നടത്താന്‍ സര്‍ക്കാരിന്‍റെ അനുമതി ആവശ്യമാണെന്നും ബ്രിജേഷ് പട്ടേല്‍ പറഞ്ഞു.
നേരത്ത മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ മത്സരങ്ങള്‍ കൊവിഡ് 19 പശ്ചാത്തലത്തില്‍ അനിശ്ചിതമായി മാറ്റിവെക്കുകയായിരുന്നു. ഒക്ടോബര്‍ 18 മുതല്‍ ഓസ്ട്രേലിയയില്‍ ആരംഭിക്കേണ്ടിയിരിക്കുന്ന ടി20 ലോകകപ്പ് മാറ്റിവെക്കുകയാണെങ്കില്‍ ആ ജാലകത്തില്‍ ഐപിഎല്‍ മത്സരം നടത്താനാണ് ബിസിസിഐ ശ്രമിക്കുന്നത്.