തിരുവനന്തപുരം:ബാലഭാസ്കറിൻറെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അപകടത്തിൽപ്പെട്ട കാർ വിശദമായി പരിശോധിച്ചു.
ബാലഭാസ്കറിന്‍റെ മരണം; കാർ പരിശോധന നടത്തി - തിരുവനന്തപുരം
ഫോറൻസിക് വിദഗ്ധർ, മോട്ടോർ വാഹന വിഭാഗം ഉദ്യോഗസ്ഥർ, വാഹനനിർമ്മാണ കമ്പനിയുടെ പ്രതിനിധികൾ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്
വാഹനം സൂക്ഷിച്ചിരുന്ന മംഗലപുരം പൊലീസ് സ്റ്റേഷനിൽ എത്തിയാണ് വാഹനത്തെ തെളിവെടുപ്പിന് വിധേയമാക്കിയത്. ക്രൈംബ്രാഞ്ചിന് പുറമേ ഫോറൻസിക് വിദഗ്ധർ, മോട്ടോർ വാഹന വിഭാഗം ഉദ്യോഗസ്ഥർ, വാഹനനിർമ്മാണ കമ്പനിയുടെ പ്രതിനിധികൾ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. അപകടമുണ്ടായ സ്ഥലത്ത് ട്രയൽ റണ്ണും സംഘം നടത്തി. കേസന്വേഷിക്കുന്ന ഡി വൈ എസ് പി ഹരികൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സീറ്റ് ബെൽറ്റ് അടക്കമുള്ള സാധനങ്ങൾ വാഹനത്തിൽ നിന്നും വിദഗ്ധ സംഘം പരിശോധനകൾക്കായി കൊണ്ടുപോയി. നേരത്തെ വാഹനത്തിനുള്ളിൽ നിന്നും രക്തക്കറയും മുടി നാരുകളും ശേഖരിച്ചിരുന്നു. കൂടുതൽ ശാസ്ത്രീയമായ അന്വേഷണമാണ് നടക്കുന്നതെന്ന് സംഘം വ്യക്തമാക്കി. ഫോറൻസിക് പരിശോധനാ ഫലം വന്ന ശേഷം അപകടം സംബന്ധിച്ച് കൂടുതൽ വ്യക്തത ഉണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.