നെയ്യാറ്റിന്‍കര: ആര്യങ്കോട്- പെരുങ്കടവിള റോഡിന്‍റെ ശോച്യാവസ്ഥക്ക് നേരെ കണ്ണടച്ച് അധികൃതർ. വെള്ളറട, ഒറ്റശേഖരമംഗലം, ആര്യങ്കോട്, പെരുങ്കടവിള ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിലൂടെയുള്ള സഞ്ചാരം കാല്‍നടയാത്രക്കാര്‍ക്ക് പോലും ദുസ്സഹമായിരിക്കുകയാണ്. ഇളകിമാറിയും കുഴികള്‍ നിറഞ്ഞും തകര്‍ന്നു കിടക്കുന്ന റോഡില്‍ മഴക്കാലം തുടങ്ങിയതോടെ അപകടങ്ങളും വര്‍ധിച്ചിരിക്കുന്നു. വെള്ളറട മുതൽ ആര്യങ്കോട് വരെയുള്ള 13 കിലോമീറ്ററും പെരുങ്കടവിള മുതൽ അമരവിള വരെയുള്ള 10 കിലോമീറ്ററും റബറൈസ്ഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയിട്ടുണ്ടെങ്കിലും ആര്യങ്കോട്- പെരുങ്കടവിള റോഡിനോടുള്ള അധികൃതരുടെ അവഗണന ഇപ്പോഴും തുടരുകയാണ്. റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിച്ച് എത്രയും വേഗം ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദുരിതം നിറച്ച് ആര്യങ്കോട്- പെരുങ്കടവിള റോഡ്; പ്രതിഷേധവുമായി നാട്ടുകാർ - വെള്ളറട
റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിച്ച് എത്രയും വേഗം ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്
ആര്യങ്കോട് വില്ലേജ് ഓഫീസ്, സിഡിഎസ് ഓഫീസ്, ആരോഗ്യ കേന്ദ്രം, ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങിയവ റോഡിന്‍റെ സമീപത്തായി സ്ഥിതി ചെയ്യുന്നതിനാല്‍ ദിനംപ്രതി നിരവധി യാത്രക്കാരാണ് റോഡിനെ ആശ്രയിച്ചിരിക്കുന്നത്. ടാറുകൾ ഇളകിമാറിയതോടെ കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹന യാത്രക്കാര്‍ക്കും നേരെ കരിങ്കല്ല് ചീളുകളും ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഓടകളുടെ അഭാവത്തിൽ മഴ വെള്ളം വീണ് വലുതായിക്കൊണ്ടിരിക്കുന്ന കുഴികളും റോഡിലൂടെയുള്ള യാത്ര ദുരിതപൂര്‍ണമാക്കുന്നു. അധികൃതരുടെ അനാസ്ഥ തുടരുകയാണെങ്കില്‍ പിഡബ്ല്യുഡി ഓഫീസിനുമുന്നിൽ ഉൾപ്പെടെ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാനിരിക്കുകയാണ് നാട്ടുകാര്‍.