ബാഴ്സലോണ:പനേങ്ക കിക്കിലൂടെ 700-ാം ഗോള്‍ സ്വന്തമാക്കി മിശിഹ. പന്ത് തട്ടാന്‍ പഠിച്ച ബാഴ്‌സലോണയുടെ തട്ടകമായ നൗ ക്യാമ്പില്‍ വച്ചാണ് ആ നേട്ടമെന്നത് അര്‍ജന്‍റീനന്‍ സൂപ്പര്‍ താരം മെസിയെ ഏറെ സന്തോഷിപ്പിച്ചിരിക്കാം. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിലെ രണ്ടാം പകുതിയില്‍ സെമഡോക്കെതിരായ ഫൗളിന് ബാഴ്‌സക്ക് അനുകൂലമായി പെനാല്‍ട്ടി ലഭിച്ചു. പനേങ്ക കിക്കിലൂടെ മെസി പന്ത് അനായാസം തട്ടിയിട്ടു. കാല്‍പന്ത് കളിയിലെ മാന്ത്രികന് പിഴച്ചില്ല. അത്‌ലറ്റിക്കോയുടെ ഗോളി ജാന്‍ ഒബ്ലാങ്ക് ബ്ലോക്ക് ചെയ്യാന്‍ ശ്രമിച്ചു. അപ്പോഴേക്കും പന്ത് വല ചലിപ്പിച്ചിരുന്നു. ലീഗിലെ ഈ സീസണില്‍ മെസിയുടെ 22-ാമത്തെ ഗോള്‍ കൂടിയാണ് ഇത്.
2005 മെയ് ഒന്നിന് അല്‍ബാസെറ്റെക്കെതിരെ നൗ കാമ്പില്‍ നടന്ന മത്സരത്തിലാണ് മെസി ആദ്യ ഗോള്‍ സ്വന്തമാക്കുന്നത്. തുടര്‍ച്ചയായി 10 സീസണുകളില്‍ 40-ല്‍ അധികം ഗോള്‍ നേടുന്ന ഏക താരം കൂടിയാണ് മെസി. സ്വന്തമാക്കിയ ഗോളുകളില്‍ ഭൂരിഭാഗവും ഇടത് കാല്‍ കൊണ്ടായിരുന്നു. 587 ഗോള്‍ ഇടത് കാലില്‍ പിറന്നപ്പോള്‍ വലത് കാല്‍ ഉപയോഗിച്ച് സ്വന്തമാക്കിയത് വെറും 92 ഗോളുകള്‍ മാത്രമായിരുന്നു. 700 ഗോളില്‍ 24 എണ്ണം ഹെഡറിലൂടെയും മെസി സ്വന്തമാക്കി. 10 ലാ ലിഗ, നാലു ചാമ്പ്യൻസ് ലീഗ്, ആറ് കോപ്പ ഡെൽ റേ, മൂന്ന് ക്ലബ്ബ് ലോകകപ്പ്, മൂന്ന് യൂറോപ്യൻ സൂപ്പർ കപ്പ് എന്നിവ ബാഴ്‌സലോണയ്ക്കൊപ്പം മെസിയുടെ അക്കൗണ്ടിലുണ്ട്. ബാഴ്‌സക്കായി 500 വിജയങ്ങളെന്ന നേട്ടം മെസി സ്വന്തമാക്കിയതും അടുത്തിടെയായിരുന്നു. സ്പാനിഷ് ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ക്ലബിനൊപ്പം താരം 500 വിജയങ്ങള്‍ സ്വന്തമാക്കുന്നത്.
ബാഴ്‌സലോണക്കായി 630 ഗോളുകള്‍ സ്വന്തമാക്കിയ മെസി അര്‍ജന്‍റീനക്കായി 70 ഗോളുകളും സ്വന്തമാക്കി. രണ്ടുതവണ അർജന്‍റീന കോപ്പ അമേരിക്ക ഫൈനലിലെത്തിയതും 2014 ഫിഫ ലോകകപ്പിന്‍റെ ഫൈനലിലെത്തിയതും മിശിഹയുടെ ചുവട് പിടിച്ചായിരുന്നു. ബാഴ്‌സലോണക്കായി 600 ഗോളുകള്‍ സ്വന്തമാക്കി 14 മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും കരിയറിലെ 700 ഗോള്‍ സ്വന്തമാക്കുന്ന താരമെന്ന നേട്ടവും മെസിയെ തേടിയെത്തി. 700 ഗോള്‍ സ്വന്തമാക്കുന്ന ലോകത്തെ ഏഴ് താരങ്ങളില്‍ ഒരാളാണ് മെസി. ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് പോര്‍ച്ചുഗലിന്‍റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഈ റെക്കോഡ് സ്വന്തമാക്കിയത്. അന്നും പെനാല്‍ട്ടിയിലൂടെയായിരുന്നു ഗോള്‍ പിറന്നത്. അന്ന് യൂറോപ്പ കപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ യുക്രെയ്ന് എതിരായ മത്സരത്തിലെ 72-ാം മിനുട്ടിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോള്‍. 973 കളികളില്‍ നിന്നാണ് ക്രിസ്റ്റ്യാനോ ഇത്രയും ഗോളുകള്‍ സ്വന്തമാക്കിയത്.