ന്യൂഡല്‍ഹി: ഐപിഎല്‍ ഇല്ലാതെ 2020 സീസണ്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ഇന്ത്യയില്‍ ഐപിഎല്‍ നടത്തുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടി20 ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഐസിസി അന്തിമ തീരുമാനം എടുത്ത ശേഷമെ ഐപിഎല്‍ പുനരാരംഭിക്കുന്നതിനെ കുറിച്ച് തീരുമാനിക്കൂ. ക്രിക്കറ്റ് സാധാരണ നിലയിലേക്ക് തിരിച്ചെത്തേണ്ടത് അത്യാവശ്യമാണ്. 35 മുതല്‍ 45 ദിവസം വരെയുള്ള ജാലകം തുറന്ന് കിട്ടിയാല്‍ ഇന്ത്യയില്‍ ഐപിഎല്‍ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗാംഗുലി പറഞ്ഞു.
അതേസമയം ഐപിഎല്‍ നടക്കുന്ന പ്രധാന നഗരങ്ങളായ മുംബൈ, കൊല്‍ക്കത്ത, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ കൊവിഡ് 19 വ്യാപിക്കുന്നത് പ്രതിസന്ധി സൃഷ്‌ടിക്കന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ തന്നെ ഇന്ത്യയില്‍ ഐപിഎല്‍ നടക്കുമോയെന്ന കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പ് പറയാനാകില്ല. വിദേശത്ത് ലീഗ് നടത്തുകയും ഒരു ഉപാധിയാണ്. പക്ഷെ പണച്ചെലവ് കൂടുമെന്നും ഗാംഗുലി പറഞ്ഞു.