കാൻബെറ:ഓസ്ട്രേലിയയിൽ 24 മണിക്കൂറിനുള്ളിൽ 19 കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. വിക്ടോറിയയിൽ നിന്നാണ് എല്ലാ മരണങ്ങളും റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് 332 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഓസ്ട്രേലിയയിൽ 314 പേരാണ് രോഗബാധയിൽ മരിച്ചത്. 9,365 പേർ ചികിത്സയിൽ തുടരുന്നു.
ഓസ്ട്രേലിയയിൽ 19 കൊവിഡ് മരണങ്ങൾ കൂടി - ഓസ്‌ട്രേലിയ കൊവിഡ് മരണം
ഓസ്ട്രേലിയയിലെ ആകെ കൊവിഡ് മരണസംഖ്യ 314 . വിക്ടോറിയയിലാണ് 19 മരണങ്ങളും റിപ്പോർട്ട് ചെയ്തത്.
![ഓസ്ട്രേലിയയിൽ 19 കൊവിഡ് മരണങ്ങൾ കൂടി 1](https://etvbharatimages.akamaized.net/etvbharat/prod-images/768-512-04:03:08:1597055588-covid-oink-1008newsroom-1597055488-299.jpg)
ഒമ്പത് ദിവസങ്ങൾക്കുള്ളിലാണ് മരണസംഖ്യ 200ൽ നിന്ന് 300 ആയി ഉയർന്നത്. 50 വയസുകാരൻ, 60 കാരി, 70 വയസുള്ള രണ്ട് പുരുഷന്മാർ, 80 വയസുള്ള ഒരു പുരുഷനും ആറ് സ്ത്രീകളും, 90 വയസുള്ള ഒരു പുരുഷനും ഏഴ് സ്ത്രീകളുമാണ് മരിച്ചത്. പ്രധാനമന്ത്രി സ്കോട്ട് മോറിസൻ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചു. കൊവിഡ് ബാധിച്ച് മരിക്കുന്നവർ എത്ര പ്രായമുള്ളവർ ആണെങ്കിലും വാർത്ത ദുഃഖകാരമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാനമായ വിക്ടോറിയയിൽ കൊവിഡ് വ്യാപനം നിയന്ത്രണാതീതമാണ്. ക്യൂൻസ് ലാൻഡിലും ന്യൂ സൗത്ത് വെയിൽസിലും ഞായറാഴ്ച വരെ 14 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.
വിക്ടോറിയയിൽ നാലാംഘട്ട ലോക്ക് ഡൗൺ തുടരുകയാണ്. ഓഗസ്റ്റ് മൂന്ന് മുതൽ സംസ്ഥാനം കർശന നിയന്ത്രണത്തിലാണ്. കൊവിഡ് പ്രതിരോധത്തെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചുമുള്ള വിഷയത്തിൽ ഒന്നിലധികം ഭാഷയിലുള്ള ടെലിവിഷൻ കാമ്പെയിൻ സംസ്ഥാന സർക്കാർ പുറത്തിറക്കി. ഉറവിടം അറിയാത്ത രോഗികൾ വർധിക്കുന്നത് വിക്ടോറിയയിലെ അധികാരികളെ ആശങ്കയിലാക്കി. സംസ്ഥാനത്ത് ചികിത്സയിൽ തുടരുന്ന 7,869 പേരിൽ 2,863 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 47 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.