ജോഹന്നാസ്‌ബർഗ്: ഇന്ത്യയിൽ നിന്ന് ഡർബനിലേക്ക് പോയ ചരക്ക് കപ്പലിലെ 14 ക്രൂ അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. അതേസമയം കപ്പലിലെ ഒരു ചീഫ് എഞ്ചിനീയറുടെ മരണത്തിന് കാരണം ഹൃദയാഘാതമാണെന്നും കൊവിഡ് അല്ലെന്നും അധികൃതർ അറിയിച്ചു.
ഞായറാഴ്‌ച ഡർബനിൽ എത്തിയ കപ്പലിലെ എല്ലാ അംഗങ്ങളെയും പരിശോധിച്ചതിലാണ് 14 പേർക്ക് കൊവിഡ് പോസിറ്റീവ് ആയത്. ഇവർ നിലവിൽ ക്വാറന്‍റൈനിൽ തുടരുകയാണെന്നും ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ നിരീക്ഷിച്ചു വരുന്നതായും അധികൃതർ അറിയിച്ചു. കൂടാതെ ആരെയും കപ്പലിൽ നിന്ന് പുറത്തേക്ക് പോകാനോ പ്രവേശിക്കാനോ അനുവദിക്കില്ലെന്നും അറിയിച്ചു.
ഞായറാഴ്‌ച വൈകുന്നേരം മുതൽ 200 ഓളം തുറമുഖ ജോലിക്കാർ കപ്പലിൽ ജോലി ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഏകദേശം 3000 ടൺ അരി സ്വമേധയാ ലോഡുചെയ്യുന്നു. 50 കിലോ ബാഗുകളിലായാണ് അരി എത്തിയത്. ഞായറാഴ്‌ച മുതൽ ധാരാളം ആളുകൾ കപ്പലിൽ കയറിയിറങ്ങിതിനാൽ സമ്പർക്ക പട്ടികയുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും അധികൃതർ അറിയിച്ചു. അതേസമയം ഫിലിപ്പിനോ കപ്പലിലെ അംഗങ്ങൾ ഇന്ത്യയുമായി നേരിട്ടാണ് യാത്ര നടത്തിയത്. അവിടെ പരിശോധന നടത്തി ആവശ്യാനുസരണം നടപടികൾ സ്വീകരിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.