കേരളം

kerala

ETV Bharat / briefs

ഡ്രൈവറില്ല! മുക്കത്ത് 108 ആംബുലന്‍സിന്‍റെ സേവനം നിലച്ചു - mukkam latest news

സി.എച്ച്.സി പരിസരത്ത് ആംബുലന്‍സ് നിര്‍ത്തിയിടുന്നത് ആശുപത്രി അധികൃതര്‍ വിലക്കിയതോടെയാണ് പ്രശ്‌നത്തിന് തുടക്കമായത്.

മുക്കത്ത് 108 ആംബുലന്‍സിന്‍റെ സേവനം നിലച്ചു

By

Published : Nov 20, 2019, 10:46 AM IST

കോഴിക്കോട്: മുക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച 108 ആംബുലന്‍സിന് ഡ്രൈവറില്ലാത്തതിനെ തുടര്‍ന്ന് സേവനം മുടങ്ങി. കഴിഞ്ഞ 25നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ സൗജന്യ ആംബുലന്‍സ് സേവന പദ്ധതിയുടെ ഭാഗമായി മുക്കം സി.എച്ച്.സി ആശുപത്രിയില്‍ 108 ആംബുലന്‍സിന്‍റെ സേവനം ആരംഭിക്കുന്നത്. എന്നാല്‍ ഒരാഴ്ച തികയും മുമ്പ് ആംബുലന്‍സിന്‍റെ പ്രവര്‍ത്തനം നിലച്ചു.

സി.എച്ച്.സി പരിസരത്ത് ആംബുലന്‍സ് നിര്‍ത്തിയിടുന്നത് ആശുപത്രി അധികൃതര്‍ വിലക്കിയതോടെയാണ് പ്രശ്‌നത്തിന് തുടക്കമായത്. ആശുപത്രി പരിസരത്ത് ആംബുലന്‍സിന് പാര്‍ക്കിങ് അനുമതി നിഷേധിച്ചതോടെ മുക്കം അഗ്നിരക്ഷാ നിലയത്തില്‍ സൗകര്യം തേടിയെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ഉപേക്ഷിച്ചു. തുടര്‍ന്ന് കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയോരത്ത് മുക്കം പൊലീസ് സ്റ്റേഷന് സമീപമാണ് ആംബുലന്‍സ് നിര്‍ത്തിയിട്ടിരുന്നത്.

ഇത്രയേറെ സമയം പാതയോരത്ത് ചെലവഴിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാരോപിച്ച് ഡ്രൈവര്‍ ആംബുലന്‍സിന്‍റെ താക്കോല്‍ ഏല്‍പ്പിച്ച് പോകുകയായിരുന്നു. കഴിഞ്ഞ ദിവസം അരീക്കോട് നിന്നും ആംബുലന്‍സ് എത്തിച്ചാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് രോഗിയെ എത്തിച്ചത്.

ഡോക്ടര്‍മാരുടെ വാഹനം നിര്‍ത്തിയിടാന്‍ അനുവദിച്ചിരിക്കുന്ന സ്ഥലമെന്ന് പറഞ്ഞാണ് ആംബുലന്‍സിന് പാക്കിങ് നിഷേധിച്ചതെന്ന് ഡ്രൈവര്‍ പറഞ്ഞു. ആശുപത്രി അധികൃതര്‍ അനുവദിച്ച സ്ഥലത്ത് നിന്നും ആംബുലന്‍സ് പെട്ടെന്നെടുത്തുകൊണ്ട് പോകാന്‍ കഴിയില്ലെന്നും ഡ്രൈവര്‍ വ്യക്തമാക്കി. ജോലി ചെയ്‌ത പത്ത് ദിവസത്തിനിടെ നാല് പേരുടെ ജീവനാണ് ഇവര്‍ രക്ഷിച്ചത്.

അതേസമയം ആംബുലൻസിന് പാർക്കിങ് നിഷേധിച്ചിട്ടില്ലെന്നും നഴ്‌സും ആംബുലൻസ് ഡ്രൈവറും ഒരേ മുറിയിൽ വിശ്രമിക്കുന്നത് ചോദ്യം ചെയ്‌തതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നുമാണ് മെഡിക്കൽ ഓഫീസർ നൽകിയ വിശദീകരണം. ഇത് ശരി വെച്ച് നഗരസഭ ചെയർമാൻ വി.കുഞ്ഞനും രംഗത്തെത്തിയിരുന്നു

ABOUT THE AUTHOR

...view details