ഹൈദരാബാദ് (തെലങ്കാന): സംവിധായിക നന്ദിത ദാസിന്‍റെ പുതിയ ചിത്രമാണ് 'സ്വിഗാറ്റോ'. ചിത്രം ഇതിനകം ടൊറന്‍റൊ ഇന്‍റർനാഷണൽ ഫിലിം ഫെസ്‌റ്റിവലിലും 27-ാമത് ബുസാൻ ഇന്‍റർനാഷണൽ ഫിലിം ഫെസ്‌റ്റിവലിലും പ്രദർശിപ്പിച്ചിട്ടുണ്ട്. ഏറെ പ്രശംസ നേടിയ ചിത്രത്തിന്‍റെ ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്.
ഫുഡ് ഡെലിവറി ബോയ് ആയി കപിൽ ശർമ; സ്വിഗാറ്റോയുടെ ട്രെയിലർ പുറത്തിറങ്ങി
കൊവിഡ് വ്യാപനത്തെ തുടർന്ന് ഫാക്‌ടറിയിലെ ജോലി നഷ്‌ടപ്പെടുന്ന മാനസ് എന്നയാളുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളും അതിജീവനവുമാണ് 'സ്വിഗാറ്റോ' പറയുന്നത്.
കൊവിഡ് ലോകത്തെ പിടിമുറുക്കിയപ്പോൾ ജോലി നഷ്‌ടപ്പെടുന്ന ഒരു ഫാക്‌ടറിയിലെ ഫ്ലോര്‍ മാനേജര്‍ മാനസ് എന്നയാളുടേയും അയാളുടെ ഭാര്യയായ പ്രതിമയുടേയും അതിജീവനത്തിന്‍റെ കഥയാണ് 'സ്വിഗാറ്റോ'. മാനസായി എത്തുന്നത് പ്രശസ്‌ത ഹാസ്യതാരം കപില്‍ ശര്‍മയാണ്. പ്രതിമയായി ഷഹാന ഗോസ്വാമിയുമാണ്.
ജോലി നഷ്‌ടപ്പെട്ട ശേഷം ജീവിതം വഴിമുട്ടിയതോടെ നിത്യചെലവിനായി സ്വിഗാറ്റോ ഫുഡ് ഡെലിവറി ആപ്പിൽ ജോലി കണ്ടെത്തുകയും തുടർന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലറിൽ കാണാൻ കഴിയുന്നത്. ഗിഗ് എക്കണോമിയുടെ ചൂഷണങ്ങൾക്ക് ഇരയാകുന്ന സാധാരണക്കാരുടെ അവസ്ഥയാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്.