ഭോപ്പാൽ: നർമം കലര്‍ന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും റീലുകളിലൂടെയും ശ്രദ്ധേയമാണ് ഓൺലൈൻ ഭക്ഷണ ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ. ഇത്തരത്തിലുള്ള, സൊമാറ്റോയുടെ പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാകാറുമുണ്ട്. അത്തരത്തില്‍ തമാശ നിറഞ്ഞ, നെറ്റിസണ്‍സിനെ കുടുകൂടാ ചിരിപ്പിച്ച, ചിന്തിപ്പിച്ച ഒരു ട്വീറ്റുമായെത്തിയിരിക്കുകയാണ് വീണ്ടും കമ്പനി.
'ഭോപ്പാലുകാരി അങ്കിതയോട് പറയാനുള്ളത്, താങ്കളുടെ മുന്‍ കാമുകന് ക്യാഷ് ഓണ്‍ ഡെലിവറിയില്‍ (വിതരണ സമയത്ത് പണം നല്‍കുക) ഭക്ഷണം അയക്കാതിരിക്കുക. മൂന്ന് തവണയാണ് ഇത്തരത്തില്‍ താങ്കള്‍ ഭക്ഷണം അയച്ചുനല്‍കിയത്. ഒറ്റ ഡെലിവറിയില്‍ പോലും അദ്ദേഹം പണം നൽകിയിട്ടില്ല' - ഇന്നലെ രാവിലെയാണ് സൊമാറ്റോ എക്‌സില്‍ (ട്വിറ്റര്‍ ) ഇങ്ങനെ കുറിച്ചത്. 98,900ത്തില്‍ അധികം പേരാണ് ഈ ട്വീറ്റ് ഇതുവരെ കണ്ടത്. 12,100ത്തിലധികം പേരാണ് ട്വീറ്റ് ലൈക്ക് ചെയ്‌തത്. അതില്‍ 897 പേര്‍ റീട്വീറ്റ് ചെയ്യുകയുമുണ്ടായി.
'കരച്ചില്‍ ട്വീറ്റുമായി സൊമാറ്റോ': ട്വീറ്റ് കണ്ടതോടെ പല നെറ്റിസണ്‍സും അങ്കിതയുടെ 'കുരുട്ടുബുദ്ധിയെ' അഭിനന്ദിക്കുകയും മറ്റ് ചിലർ ആവശ്യമായ നിയമ നടപടി സ്വീകരിക്കാന്‍ സൊമാറ്റോയോട് നിർദേശിക്കുകയും ചെയ്‌തു. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ വീണ്ടും ട്വീറ്റുമായി സൊമാറ്റോ രംഗത്തെത്തി. 'അങ്കിതയുടെ അക്കൗണ്ടിലെ ക്യാഷ് ഓണ്‍ ഡെലിവറി ബ്ലോക്ക് ചെയ്‌തിരിക്കുകയാണെന്ന് ആരെങ്കിലും പറഞ്ഞുകൊടുക്കൂ. അവര്‍ 15 മിനിറ്റായി വീണ്ടും ശ്രമിക്കുകയാണ്' - ഇങ്ങനെ കുറിച്ച്, കരയുന്ന ഇമോജിയോടെയാണ് സൊമാറ്റോയുടെ ഈ വിഷയത്തിലെ രണ്ടാമത്തെ ട്വീറ്റ്. ഓഗസ്റ്റ് രണ്ടിന് രാത്രി 9.34നാണ് ഈ ട്വീറ്റ്.