ജൊഹാനസ്ബർഗ് : സിംബാബ്‌വെയില്‍ സ്വകാര്യ വിമാനം തകർന്ന് മരിച്ചവരിൽ ഇന്ത്യൻ കോടീശ്വരൻ ഹർപാൽ രൺധാവയും (Harpal Randhawa) 22 വയസ്സുള്ള മകനും ഉൾപ്പെട്ടതായി റിപ്പോർട്ട്. (Zimbabwe Plane Crash- Indian Billionaire And Son Killed) തെക്കുപടിഞ്ഞാറൻ സിംബാബ്‌വെയിലെ വജ്രഖനിക്ക് സമീപമാണ് ഹർപാൽ രൺധാവയും മകന്‍ അമേർ കബീർ സിങ് രൺധാവയും (Amer Kabir Singh Randhawa) സഞ്ചരിച്ച വിമാനം തകർന്നുവീണത്. വെള്ളിയാഴ്ച നടന്ന അപകടത്തിൽ ഇവരടക്കം ആറ് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
സ്വർണവും കൽക്കരിയും നിക്കലും ചെമ്പും ശുദ്ധീകരിക്കുന്ന ഖനന കമ്പനിയായ റിയോസിമിന്‍റെ (RioZim) ഉടമയാണ് ഹർപാൽ രൺധാവ. റിയോസിമിന്‍റെ തന്നെ ഉടമസ്ഥതയിലുള്ള സെസ്‌ന 206 ഒറ്റ എഞ്ചിൻ വിമാനം (Cessna 206 Aircraft), ഹരാരെയിൽ നിന്ന് കമ്പനിക്ക് പങ്കാളിത്തമുള്ള മുറോവ വജ്രഖനിയിലേക്ക് പറക്കുന്നതിനിടെയാണ് തകർന്നത്. മുറോവ വജ്ര ഖനിക്ക് സമീപം തന്നെയാണ് വിമാനം തകർന്നത്. വിമാനത്തിന് സാങ്കേതിക തകരാർ അനുഭവപ്പെടുകയും ആകാശത്തുവച്ച് പൊട്ടിത്തെറിച്ച് സ്വമഹാൻഡെ മേഖലയിലെ പീറ്റർ ഫാമിലേക്ക് പതിക്കുകയുമായിരുന്നു എന്നാണ് സിംബാബ്‌വെയിലെ മാധ്യമങ്ങള്‍ നല്‍കുന്ന വിവരം.
കൊല്ലപ്പെട്ടവരിൽ നാല് പേർ ഇന്ത്യക്കാർ അടക്കമുള്ള വിദേശികളും മറ്റ് രണ്ടുപേർ സിംബാബ്‌വെക്കാരുമാണെന്ന് പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമമായ ഹെറാൾഡ് റിപ്പോർട്ട് ചെയ്‌തു. സിംബാബ്‌വെ റിപ്പബ്ലിക് പൊലീസിന്‍റെ റിപ്പോർട്ട് പ്രകാരം സെപ്റ്റംബർ 29 ന് പ്രാദേശിക സമയം രാവിലെ 7.30 നും 8 നും ഇടയിലാണ് അപകടം നടന്നത്.