കേരളം

kerala

ETV Bharat / bharat

സാക്കിർ നായിക്കിനെ ഇന്ത്യയിലേക്ക് നാടുകടത്തിയേക്കും ; ഒമാന്‍ അധികൃതരെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ബന്ധപ്പെട്ടതായി റിപ്പോര്‍ട്ട് - സാക്കിര്‍ നായിക്കിനെതിരെ ഇന്ത്യ

വിദ്വേഷ പ്രസംഗങ്ങളിലൂടെ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ സാക്കിര്‍ നായിക്കിനെതിരെ ഇന്ത്യയില്‍ നിരവധി കേസുകളാണ് നിലനില്‍ക്കുന്നത്

Islamist preacher Zakir Naik  Zakir Naik likely to be deported to India  സാക്കിർ നായിക്കിനെ ഒമാനിൽ നിന്ന് നാടുകടത്തും  സാക്കിര്‍ നായിക്ക്
സാക്കിർ നായിക്ക്

By

Published : Mar 22, 2023, 4:15 PM IST

മുംബൈ :തീവ്ര ഇസ്‌ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിനെ ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയേക്കും. മാർച്ച് 23നാണ് സാക്കിർ നായിക് ഒമാനില്‍ പ്രസംഗം നടത്തുന്നത്. ഒമാന്‍ അധികൃതരുമായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

2017ൽ ഇന്ത്യ വിട്ട നായിക്കിനെ, മതപ്രഭാഷണം നടത്താനാണ് ഒമാനിലേക്ക് ക്ഷണിച്ചത്. തീവ്രവാദം പ്രോത്സാഹിപ്പിക്കല്‍, കള്ളപ്പണം വെളുപ്പിക്കൽ, സമൂഹത്തില്‍ വിദ്വേഷം പടർത്തൽ എന്നീ കുറ്റങ്ങൾ ആരോപിച്ച് ഇന്ത്യൻ സർക്കാർ സാക്കിര്‍ നായിക്കിന്‍റെ എഴുത്തുകളും പ്രസംഗങ്ങളും നേരത്തേ രാജ്യത്ത് നിരോധിച്ചതാണ്. മഹാരാഷ്ട്രയിലെ കൊങ്കൺ സ്വദേശിയായ സാക്കിർ അബ്‌ദുൾ കരീം നായിക്, കുടുംബത്തോടൊപ്പം മുംബൈയിലെ ഡോംഗ്രിയിലേക്ക് താമസം മാറുകയായിരുന്നു.

പ്രഭാഷണങ്ങള്‍ക്ക് തുടക്കമിട്ടത് മുംബൈയില്‍ :ഡോക്‌ടർമാരുടെ കുടുംബത്തിൽപ്പെട്ട സാക്കിര്‍, ഇതേ ജോലി തെരഞ്ഞെടുക്കുകയായിരുന്നു. ശേഷം, ഒരു ഇസ്‌ലാമിക പ്രഭാഷകനെ കണ്ടുമുട്ടുകയും പ്രചോദനം ഉൾക്കൊണ്ട് തന്‍റെ തൊഴിൽ ഉപേക്ഷിച്ച് പ്രഭാഷണ വഴി തെരഞ്ഞെടുക്കുകയുമായിരുന്നു. തുടര്‍ന്ന്, ഇസ്‌ലാം മതവുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങളില്‍ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. തുടക്കക്കാലത്ത് മുംബൈയിലെ വിവിധ ഇടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍.

നിരവധി വേദികളില്‍ പ്രഭാഷണങ്ങള്‍ നടത്തിയതോടെ അദ്ദേഹം വന്‍ തോതില്‍ ജനപ്രീതി നേടുകയും അനേകം അനുയായികള്‍ ഉണ്ടാവുകയും ചെയ്‌തു. ഈ സാഹചര്യത്തില്‍ ഇസ്‌ലാം മതവുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങൾ നടത്താൻ ധാരാളം വേദികള്‍ അദ്ദേഹത്തിന് ലഭിച്ചു. 1991ൽ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷൻ എന്ന പേരിൽ സാക്കിര്‍ ഒരു സംഘടന ആരംഭിച്ചു. 'പീസ് ടിവി' എന്ന പേരില്‍ സാറ്റലൈറ്റ് ടെലിവിഷൻ ചാനലും അദ്ദേഹം തുടങ്ങി. പ്രഭാഷണങ്ങളുടെ ഉള്ളടക്കങ്ങളില്‍ വിവാദങ്ങള്‍ കത്തിപ്പടരുമ്പോഴും സോഷ്യൽ മീഡിയയിൽ സാക്കിര്‍ നായിക്കിന് വന്‍ തോതില്‍ കാണികളെ സൃഷ്‌ടിക്കാന്‍ കഴിഞ്ഞിരുന്നു.

വിവാദം ബിന്‍ ലാദനെ പിന്തുണച്ചതിന്‍റെ പേരിലും :ഒരു കോടി 70 ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് സാമൂഹ്യ മാധ്യമത്തിലെ അദ്ദേഹത്തിന്‍റെ അക്കൗണ്ടിനുള്ളത്. ലോകമെമ്പാടുമുള്ള നിരവധി പരിപാടികളില്‍ അദ്ദേഹം പ്രസംഗം തുടര്‍ന്നു. നായിക്കിനെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളാണുണ്ടായത്. ഈ വിവാദങ്ങളുടെ ലിസ്റ്റില്‍ ഒസാമ ബിൻ ലാദനെ പിന്തുണച്ചതടക്കം ഉൾപ്പെടുന്നു. 2008ൽ അദ്ദേഹം തന്‍റെ ചാനലിലൂടെയാണ് ബിൻ ലാദനെ പിന്തുണച്ചത്.

2016 ജൂലൈയിൽ ധാക്കയിലെ ഹോളി ആർട്ടിസാൻ ബേക്കറിയിൽ ഭീകരാക്രമണം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടും ഇയാൾക്കെതിരെ കേസന്വേഷണം നടക്കുന്നുണ്ട്. 2017ൽ, നായിക് മലേഷ്യയിലേക്ക് താമസം മാറി. സാക്കിര്‍ നായിക്കിന്‍റെ പ്രസംഗത്തിന് മലേഷ്യയും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സാക്കിര്‍ നായിക്കിന് 2019 ഡിസംബറില്‍ മാലിദ്വീപിലേക്കുള്ള പ്രവേശനാനുമതി നിഷേധിച്ചത് വലിയ വാര്‍ത്തയായിരുന്നു. സാക്കിര്‍ നായിക്കിന്‍റെ അഭ്യർഥന നിരസിച്ചെന്ന് മാലിദ്വീപ് പാർലമെന്‍റ് സ്‌പീക്കർ മുഹമ്മദ് നഷീദാണ് അന്ന് മാധ്യമങ്ങളെ അറിയിച്ചത്.

2019 സെപ്റ്റംബറില്‍ റഷ്യയില്‍ നടന്ന അഞ്ചാമത്തെ ഈസ്റ്റ് ഇക്കണോമിക് ഫോറത്തില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദും കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ഇതില്‍ സാക്കിറിനെ ഇന്ത്യയിലേക്ക് കൈമാറുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്‌തെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details