ബെംഗളൂരു: കര്‍ണാടകയിലെ ധര്‍വാഡയില്‍ യുവമോര്‍ച്ച നേതാവിനെ കുത്തിക്കൊലപ്പെടുത്തി. അഞ്ച് പേര്‍ കസ്റ്റഡിയില്‍. കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പ്രവീണ്‍ കമ്മാറാണ്(36) കൊല്ലപ്പെട്ടത്. ചൊവ്വാഴ്‌ച രാത്രി 10.30 ഓടെയായിരുന്നു സംഭവം.
ഗ്രാമത്തിലെ ഉത്സവത്തിനിടയ്‌ക്ക് ഉണ്ടായ സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമിക്കുമ്പോള്‍ രോഷാകുലരായ ഒരു സംഘം പ്രവീണ്‍ കമ്മാറിനെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. കഴുത്തിലും വയറ്റിലും ഗുരുതരമായി കുത്തേറ്റ പ്രവീണ്‍ കമ്മാറിനെ എസ്ഡിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഗരാഗ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. രാഷ്‌ട്രീയ വൈരാഗ്യമാണോ കൊലയ്‌ക്ക് പിന്നിലെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി സ്ഥലത്തെത്തി: പ്രവീണ്‍ കമ്മാറിന്‍റെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി എസ്‌ഡിഎം ആശുപത്രി സന്ദര്‍ശിച്ചു. ഒരു ബിജെപി പ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടിരിക്കുന്നുവെന്ന് കമ്മാറിന്‍റെ മൃതദേഹം സന്ദര്‍ശിച്ചതിന് ശേഷം മന്ത്രി പ്രഹ്ലാദ് ജോഷി മാധ്യമങ്ങളോട് പറഞ്ഞു.
ഇതൊരു ദുരന്തമാണ്. മാത്രമല്ല ഇതൊരു രാഷ്‌ട്രീയ കൊലപാതകമാണെന്നതില്‍ സംശമില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗേഷ് ഗൗഡയുടെ കൊലപാതകമായിരുന്നു ആദ്യത്തേത്. അതിന് പിന്നാലെയാണിപ്പോള്‍ പ്രവീണ്‍ കമ്മാര്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഈ കേസില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സംഭവത്തിനെതിരെ സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് നീതി ലഭിക്കണം. കൊലപാതകത്തിന്‍റെ കൃത്യമായ കാരണം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. മറ്റുള്ളവരുമായി യാതൊരുവിധ ശത്രുതയുമില്ലാത്തയാളാണ് പ്രവീണ്‍ കമ്മാര്‍ എന്നാണ് അറിയാന്‍ സാധിച്ചതെന്നും എന്നാല്‍ ഇത് രാഷ്‌ട്രീയ കൊലപാതകമാണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
വിശദീകരണവുമായി പൊലീസ് സൂപ്രണ്ട്: കഴിഞ്ഞ ദിവസം ഗ്രാമത്തിലുണ്ടായ ഉത്സവത്തിനിടയ്‌ക്കാണ് പ്രവീണ്‍ കമ്മാറിന് കുത്തേറ്റതെന്നും മദ്യപിച്ചെത്തിയ ഒരു സംഘം പ്രശ്‌നമുണ്ടാക്കിയപ്പോള്‍ അതില്‍ ഇടപെടുമ്പോഴാണ് സംഭവമെന്നും പൊലീസ് സൂപ്രണ്ട് ലോകേഷ് ജഗലാസര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത അഞ്ച് പേരില്‍ മൂന്ന് പേര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന്‍റെ വിശദീകരണം. കൊലപാതകത്തിന്‍റെ കാരണം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു.
also read:video| നോയിഡയിൽ യുവതിയെ ആക്രമിച്ച് തെരുവുനായ്‌ക്കൾ; ആക്രമണം വളർത്തുനായയെ സംരക്ഷിക്കാൻ ശ്രമിച്ചപ്പോൾ
ധര്‍വാഡയില്‍ ബിജെപിക്കിത് രണ്ടാം ദുരന്തം: 2016 ജൂണ്‍ 15നാണ് ധര്‍വാഡ് ജില്ല പഞ്ചായത്ത് അംഗമായിരുന്ന യോഗേഷ് ഗൗഡ വെടിയേറ്റ് മരിച്ചത്. സപ്‌താപൂരില്‍ വച്ചായിരുന്നു യോഗേഷ് ഗൗഡയ്‌ക്ക് വെടിയേറ്റത്. കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായിരുന്ന വിനയ് കുല്‍ക്കര്‍ണി അടക്കം മൂന്ന് പേര്‍ക്കെതിരെ അന്വേഷണം നടത്തി.
സിബിഐ അന്വേഷിച്ച കേസില്‍ വിനയ് കുല്‍ക്കര്‍ണി, ബന്ധുവായ ചന്ദ്രശേഖര്‍ ഇന്‍ഡി, ശിവാനന്ദ് ബിര്‍ദര്‍ എന്നിവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ ജയിലിലടക്കപ്പെട്ട കുല്‍ക്കര്‍ണി പിന്നീട് 2021ല്‍ ജയില്‍ മോചിതനായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഒന്‍പത് മാസമാണ് വിനയ് കുല്‍ക്കര്‍ണി ജയില്‍ വാസം അനുഭവിച്ചത്.
also read:ജനങ്ങളെ അടുപ്പിക്കാന്‍; സ്വിഫ്‌റ്റ് ബസുകളിലെ ടിക്കറ്റിനായി മൊബൈൽ ആപ്പ് അവതരിപ്പിച്ച് കെഎസ്‌ആര്‍ടിസി