ഹൈദരാബാദ് : തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നിര്‍ണായക തീരുമാനവുമായി വൈഎസ്ആർടിപി (Yuvajana Sramika Rythu Telangana Party - YSRTP). ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പാര്‍ട്ടി അധ്യക്ഷ വൈഎസ് ശര്‍മിള റെഡ്ഡി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ വൈഎസ്‌ആര്‍ടിപി കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കുമെന്നും ഹൈദരാബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ശര്‍മിള അറിയിച്ചു(Telangana Assembly Election).
വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ കോണ്‍ഗ്രസിന് വിജയ സാധ്യതയുണ്ട്. അതിനാല്‍ കോണ്‍ഗ്രസിനെ ദ്രോഹിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഭരണം മാറ്റാന്‍ അവസരമുണ്ടാകുമ്പോള്‍ അത് തടസപ്പെടുത്തുന്നത് ശരിയല്ലെന്നും ശര്‍മിള പറഞ്ഞു (Telangana Legislative Assembly elections).
നവംബര്‍ 30ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനായി കമ്മിഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മത്സരത്തിനിറങ്ങുന്നില്ലെന്ന കാര്യം വൈഎസ്ആർടിപി അറിയിച്ചത് (YSRTP In Telangana). കെസിആറിന്‍റെ അഴിമതി ഭരണം ഇല്ലാതാക്കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ക്കാണ് പാര്‍ട്ടി പിന്തുണ നല്‍കുന്നത്. കെസിആര്‍ നയിക്കുന്ന ബിആര്‍എസിനെതിരായ (ഭാരത് രാഷ്‌ട്ര സമിതി) ഭരണ വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും വൈഎസ്ആർടിപി നടത്തിയ സര്‍വേകള്‍ പരാമര്‍ശിച്ച് ശര്‍മിള പറഞ്ഞു (YSRTP President YS Sharmila).
ഇത്തരം വോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ബാധിക്കാറുണ്ട്. അതുകൊണ്ടാണ് മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ബിആര്‍എസിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നും ശര്‍മിള പറഞ്ഞു.