ന്യൂഡൽഹി:ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകൾ വൈഎസ് ശർമിള (YS Sharmila) ഉടന്‍ കോൺഗ്രസിൽ ചേര്‍ന്നേക്കുമെന്ന് സൂചന. ശര്‍മിളയുടെ വൈഎസ്ആർ തെലങ്കാന പാർട്ടി (Yuvajana Sramika Rythu Telangana Party) ഉടൻ കോണ്‍ഗ്രസില്‍ ലയിച്ചേക്കുമെന്നാണ് പാര്‍ട്ടിയുടെ അടുത്ത വൃത്തങ്ങൾ നല്‍കുന്ന വിവരം. സെപ്റ്റംബർ 17ന് ഹൈദരാബാദില്‍ നടക്കുന്ന കോൺഗ്രസിന്‍റെ മെഗാറാലിയിൽ (Congress Mega Rally In Hyderabad) വൈഎസ് ശർമിള പങ്കെടുത്തേക്കുമെന്നാണ് വിവരം.
എന്നാല്‍, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. ന്യൂഡല്‍ഹിയിലെത്തി കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും ശര്‍മിള ഓഗസ്റ്റ് 31ന് കണ്ടിരുന്നു. ഇതുസംബന്ധിച്ച് എഐസിസി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാല്‍ (KC Venugopal) സംസാരിച്ചിരുന്നു.
'ഭാവി പ്ലാന്‍ വ്യക്തമാക്കാതെ ശര്‍മിളയും കോണ്‍ഗ്രസും':'ശർമിള ജി കോൺഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയേയും പാര്‍ട്ടി മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയേയും കാണുകയുണ്ടായി. വളരെ സൗഹാർദപരമായ കൂടിക്കാഴ്‌ചയായിരുന്നു അത്. അവര്‍ തന്നെ ഇതേക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുമെന്നാണ് ഞാൻ കരുതുന്നത്. ബാക്കി കാര്യങ്ങൾ നമുക്ക് കാത്തിരുന്ന് കാണാം.'- കോണ്‍ഗ്രസ് നേതാക്കളുമായുള്ള ശര്‍മിളയുടെ കൂടിക്കാഴ്‌ച അവസാനിച്ചതിന് ശേഷം കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
തെലങ്കാന ദേശീയോദ്ഗ്രഥന ദിനമായി ആചരിക്കുന്ന സെപ്റ്റംബർ 17ന് വൈകിട്ടാണ് കോണ്‍ഗ്രസ് പാർട്ടി ഹൈദരാബാദില്‍ മെഗാറാലി സംഘടിപ്പിക്കുക. റാലിക്ക് പുറമെ തെലങ്കാനയ്ക്ക് അഞ്ച് വാഗ്‌ദാനങ്ങള്‍ നല്‍കാനും ഈ ദിനം ഉപയോഗപ്പെടുത്തുമെന്നും വേണുഗോപാൽ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. എന്നാല്‍, ഈ ദിനത്തിലെ പരിപാടിയില്‍ ശർമിള പങ്കെടുക്കുമെന്നോ അവരുടെ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കുമെന്നോയുള്ള കാര്യത്തില്‍ വ്യക്തത വരുത്താന്‍ കോണ്‍ഗ്രസ് നേതാവ് മുതിര്‍ന്നില്ല.