ന്യൂഡല്‍ഹി :ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയും വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയുടെ പ്രസിഡന്‍റുമായ വൈ എസ് ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു (YS Sharmila Joined Congress). എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും (Mallikarjun Kharge) രാഹുല്‍ ഗാന്ധിയും (Rahul Gandhi) ചേര്‍ന്നാണ് വൈ എസ് ശര്‍മിളയ്‌ക്ക് അംഗത്വം നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. കോണ്‍ഗ്രസ് പ്രവേശനത്തിനായി കഴിഞ്ഞ ദിവസമാണ് ശര്‍മിള വിജയവാഡയില്‍ നിന്നും ഡല്‍ഹിയിലേക്ക് എത്തിയത്.
ഈ വര്‍ഷം ആന്ധ്രാപ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വൈ എസ് ശര്‍മിളയുടെ നിര്‍ണായക നീക്കം. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലും, വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ശര്‍മിളയ്‌ക്ക് കോണ്‍ഗ്രസ് നിര്‍ണായക ചുമതലകള്‍ നല്‍കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എഐസിസിയില്‍ ഒരു സുപ്രധാന സ്ഥാനവും രാജ്യസഭ അംഗത്വവും ഉള്‍പ്പടെ ശര്‍മിളയ്‌ക്ക് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാണ് എന്നും സൂചനകളുണ്ട്.
ഒരു കാലത്ത് കോണ്‍ഗ്രസിന്‍റെ പ്രധാന കോട്ടകളില്‍ ഒന്നായിരുന്നു ആന്ധ്രാപ്രദേശ്. മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ (YS Rajashekhara Reddy) മരണവും, പിന്നീട് നടന്ന സംസ്ഥാന വിഭജനവുമാണ് പാര്‍ട്ടിയെ തകര്‍ച്ചയിലേക്ക് തള്ളി വിട്ടത്. ശര്‍മിളയുടെ വരവ് സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ പുനരുജ്ജീവനത്തിന് തുണയാകുമെന്ന പ്രതീക്ഷയിലാണ് നിലവില്‍ ഹൈക്കമാന്‍ഡ്.