പശ്ചിമ ചമ്പാരന്‍: ബിഹാറില്‍ നിന്നുള്ള അതിഥി തൊഴിലാളികളെ തമിഴ്‌നാട്ടില്‍ മര്‍ദിക്കുന്നുവെന്ന തരത്തില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ ബിഹാറിലെ പ്രശസ്‌ത യൂട്യൂബര്‍ മനീഷ് കശ്യപ് ഉള്‍പ്പടെ നാലുപേര്‍ക്കെതിരെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒയു) കേസെടുത്തു. കേസ് രജിസ്‌റ്റര്‍ ചെയ്‌തതിന് പിന്നാലെ ഒളിവില്‍ പോയ ബേട്ടിയ സ്വദേശിയായ കശ്യപിന്‍റെ സ്വത്തുവകകള്‍ കണ്ടെടുക്കാന്‍ ഇഒയു വീട്ടിലെത്തിയപ്പോള്‍ ഇയാള്‍ സ്വയം കീഴടങ്ങുകയായിരുന്നു. അതേസമയം വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് കശ്യപിനെതിരെ ബിഹാറിലും തമിഴ്‌നാട്ടിലും എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.
സംഭവത്തില്‍ കശ്യപിനെ പിടികൂടാനായി തമിഴ്‌നാട് പൊലീസും ബിഹാറിലെ പട്‌നയിലെത്തിയിരുന്നു.തമിഴ്‌നാട് പൊലീസിലെ നാലംഗ സംഘമാണ് കശ്യപിനായി ബിഹാറിലെത്തിയത്. കശ്യപിനെ അറസ്‌റ്റ് ചെയ്‌ത് ട്രാന്‍സിറ്റ് റിമാന്‍ഡില്‍ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. എന്നാല്‍ ബിഹാര്‍ പൊലീസ് കശ്യപിന്‍റെ സ്വത്തുവകകള്‍ കണ്ടെകെട്ടുന്നതുമായി ബന്ധപ്പെട്ട് കോടതിയില്‍ നിന്ന് വാറണ്ട് നേടിയിരുന്നു. ഇതിന്‍റെ ഭാഗമായി ഇയാളുടെ വീടിന്‍റെ വാതിലുകളും ജനലുകളും ഉള്‍പ്പടെ വിലപിടിപ്പുള്ള വസ്‌തുക്കളും കണ്ടുകെട്ടുന്ന നടപടിയും ആരംഭിച്ചിരുന്നു. കശ്യപിന്‍റെ ജാമ്യാപേക്ഷയും പട്‌ന ഹൈക്കോടതി തള്ളിയിരുന്നു.
ആളത്ര സാധുവല്ല:ബേട്ടിയയില്‍ മാത്രം ഏഴ് ക്രിമിനല്‍ കേസുകളാണ് മനീഷ് കശ്യപിനെതിരെയുള്ളത്. ഇതില്‍ അഞ്ച് കേസുകളില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. മാത്രമല്ല ഇയാള്‍ക്ക് ഒരു കേസില്‍ ജാമ്യം ലഭിച്ചുവെങ്കിലും മറ്റൊരു കേസില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും ചെയ്‌തിരുന്നു. എന്നാല്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഇയാളെ ചോദ്യം ചെയ്‌തുവരികയാണ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153, 153(എ), 153(ബി), 505(1), 505(1)(സി), 468, 471, 120(ബി) എന്നീ വകുപ്പുകളും ഐടി നിയമത്തിലെ 67 ആം വകുപ്പും ചുമത്തിയാണ് കശ്യപിനെതിരെ കേസെടുത്തിരിക്കുന്നത്.
വ്യാജ വീഡിയോ സംഭവവുമായി ബന്ധപ്പെട്ട് 26 സമൂഹമാധ്യമ പോസ്‌റ്റുകളും 42 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഇഒയു സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. വീഡിയോയുമായി ബന്ധപ്പെട്ട മൂന്ന് കേസുകള്‍ കൂടാതെ ഏഴ് കേസുകള്‍ കൂടി കശ്യപിനെതിരെയുള്ളതായും സംഘം മനസിലാക്കി. മാത്രമല്ല പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം 2019 പട്‌നയിലെ ലാസ മാര്‍ക്കറ്റില്‍ വച്ച് കശ്‌മീരി വ്യാപാരിയെ മര്‍ദിച്ച സംഭവത്തില്‍ ഇയാള്‍ അറസ്‌റ്റിലായതായും സംഘം കണ്ടെത്തി. മാത്രമല്ല കശ്യപുമായും ഇദ്ദേഹത്തിന്‍റെ യൂട്യൂബ് ചാനലുമായും ബന്ധപ്പെട്ടുള്ള നാല് ബാങ്ക് അക്കൗണ്ടുകളിലായുള്ള 42 ലക്ഷം രൂപയോളമുള്ള നിക്ഷേപങ്ങളും സംഘം മരവിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ മനീഷ് കശ്യപ്, രാകേഷ് രഞ്ജന്‍ കുമാര്‍, അമന്‍ കുമാര്‍ എന്നീ മൂന്നുപേരെയാണ് ബിഹാര്‍ പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുള്ളത്. നാലാമനായ യൗരാജ് സിങ് ഒളിവിലാണ്.
വ്യാജവാര്‍ത്തകളില്‍ വഞ്ചിതരാകല്ലേ:വടക്കേ ഇന്ത്യയില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍ക്കുനേരെ തമിഴ്‌നാട്ടില്‍ ആക്രമണമുണ്ടായെന്ന കുപ്രചരണങ്ങള്‍ക്കിടെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിന്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. എല്ലാ തൊഴിലാളികളും ഞങ്ങളുടെ നാടിന്‍റെ വളര്‍ച്ചക്കായാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്നും സ്‌റ്റാലിന്‍ നിതീഷിന് ഉറപ്പും നല്‍കിയിരുന്നു. മാത്രമല്ല എല്ലാ സംസ്ഥാനത്ത് നിന്നുമുള്ള അതിഥി തൊഴിലാളികള്‍ക്കും തങ്ങളുടെ സര്‍ക്കാരും ജനങ്ങളും സുരക്ഷയൊരുക്കുമെന്നും വ്യാജ വാര്‍ത്തകളില്‍ വഞ്ചിതരാകരുതെന്നും സ്‌റ്റാലിന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.