മുംബൈ (മഹാരാഷ്ട്ര): ഒഡിഷ ട്രെയിൻ അപകടത്തിൽ മരണപ്പെട്ടവര്‍ക്കായി കാരി മിനാറ്റിയുടെ ചാരിറ്റി ലൈവ് സ്‌ട്രീം. വെള്ളിയാഴ്‌ച രാത്രിയുണ്ടായ അപകടത്തിൽ 288 ജീവനുകളാണ് പൊലിഞ്ഞത്. 900ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.
കാരി മിനാറ്റി എന്ന പേരില്‍ അറിയപ്പെടുന്ന പ്രശസ്‌ത യൂട്യൂബറും ഗെയിമിംഗ് ഇന്‍ഫ്ലുവെന്‍സറുമാണ് അജയ് നാഗര്‍. അപകടത്തിൽ പെട്ടവര്‍ക്കായി ശനിയാഴ്‌ച തന്‍റെ ചാനലായ കാരി ഈസ് ലൈവില്‍ നാല് മണിക്കൂറാണ് കാരി മിനാറ്റി ചാരിറ്റി സ്ട്രീം നടത്തുക.
തന്‍റെ ചാരിറ്റി സ്ട്രീമിൽ നിന്നും ലഭിക്കുന്ന എല്ലാ വരുമാനവും ഒഡീഷ സർക്കാരിന്‍റെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് കാരി മിനാറ്റി അറിയിച്ചു. 'അസ്വസ്ഥമാക്കുന്ന ഈ ദൃശ്യങ്ങൾ കാണുന്നത് ഹൃദയഭേദകമാണ്. ഈ ഞെട്ടിക്കുന്ന സംഭവത്തിൽ അകപ്പെട്ട ഓരോരുത്തർക്കും ഒപ്പം എന്‍റെ പ്രാര്‍ഥനകളും ചിന്തകളുമുണ്ട്. പരിക്കേറ്റവർ എത്രയും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഒപ്പം ദു:ഖിതരായ കുടുംബങ്ങൾക്ക് എന്‍റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു.' -കാരി മിനാറ്റി പറഞ്ഞു.
'ഇതുപോലുള്ള സമയങ്ങളിൽ, നമ്മൾ എല്ലാവരും ഒന്നിച്ച് നില്‍ക്കുകയും ഒന്നിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുക. ഈ പ്രയാസകരമായ സമയങ്ങളിൽ എല്ലാവരും ഒന്നിച്ച് നിന്ന് കാര്യമായ സംഭാവനകള്‍ ഉയര്‍ത്തണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. നിങ്ങൾക്ക് കഴിയുന്ന വിധത്തിൽ ഒരു കൈ സഹായിക്കുക.' -കാരി മിനാറ്റി കൂട്ടിച്ചേര്‍ത്തു.
നേരത്തെ 2020ല്‍ വെള്ളപ്പൊക്കത്തിൽ തകർന്ന അസം, ബിഹാർ സംസ്ഥാനങ്ങൾക്ക് വേണ്ടിയും കാരി മിനാറ്റി സമാന സ്വഭാവമുള്ള ഒരു ചാരിറ്റി സ്ട്രീമിന് ആതിഥേയത്വം വഹിച്ചിരുന്നു. അത് ഗെയിം വിഭാഗത്തിൽ ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തുകയും ഇതിലൂടെ അന്ന് 12 ലക്ഷം രൂപ സമാഹരിക്കുകയും ചെയ്‌തിരുന്നു. മിനാറ്റി നല്‍കിയ ഒരു ലക്ഷം രൂപയുടെ വ്യക്തിഗത സംഭാവനയും ഇതില്‍ ഉള്‍പ്പെടുന്നു.