ചെന്നൈ :തെറ്റിദ്ധരിപ്പിക്കുന്ന വൈദ്യസന്ദേശങ്ങള്‍ നല്‍കിയതിന് സിദ്ധ ഡോക്‌ടറോട് രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ട് തമിഴ്‌നാട് സിദ്ധ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രാര്‍. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ യൂട്യൂബിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വൈദ്യരംഗവുമായി ബന്ധപ്പെട്ട സന്ദേശങ്ങളും ഉപദേശങ്ങളും നല്‍കിയതിന് സിദ്ധ ഡോക്‌ടറും തമിഴ്‌നാട് ബിജെപി ന്യൂനപക്ഷ വിഭാഗം നേതാവായ ഡെയ്‌സി ചരണിന്‍റെ മകളുമായ ശര്‍മികയോടാണ് സിദ്ധ മെഡിക്കല്‍ കൗണ്‍സില്‍ ഫെബ്രുവരി 10നുള്ളില്‍ രേഖാമൂലമുള്ള വിശദീകരണം ആവശ്യപ്പെട്ടത്. അതേസമയം ശര്‍മിക കൈമാറുന്ന വൈദ്യനിര്‍ദേശങ്ങള്‍ ശാസ്‌ത്രീയമല്ലെന്ന വിമര്‍ശനങ്ങള്‍ മുമ്പുതന്നെ ഉയര്‍ന്നിരുന്നു.
യൂട്യൂബ് ചികിത്സ ഇങ്ങനെ : അടുത്തിടെ പുറത്തിറങ്ങിയ വീഡിയോയില്‍ ഈന്തപ്പഴം തിന്നുന്നത് വഴി എങ്ങനെയാണ് സ്‌ത്രീകളുടെ സ്‌തന വളര്‍ച്ചയുണ്ടാകുന്നതെന്ന് ശര്‍മിക വിവരിച്ചിരുന്നു. ഈ വീഡിയോയ്‌ക്ക് മികച്ച പ്രേക്ഷക പിന്തുണയും ലഭിച്ചിരുന്നു. മാത്രമല്ല ഒരു കപ്പ് ഗുലാബ്‌ജമുന്‍ കഴിക്കുന്നത് വഴി മൂന്ന് കിലോ ഭാരം വര്‍ധിക്കുമെന്ന് മറ്റൊരവസരത്തില്‍ ശര്‍മിക പങ്കുവച്ചിരുന്നു. അങ്ങനെയിരിക്കെയാണ് ശര്‍മിക പൊതുജനങ്ങളിലേക്ക് അശാസ്‌ത്രീയമായ വിവരങ്ങളാണ് പങ്കുവയ്ക്കുന്നതെന്ന് കാണിച്ചുള്ള പരാതിയില്‍ നിലവില്‍ നടപടി ഉണ്ടായിരിക്കുന്നത്.