രുദ്രപ്രയാഗ്:കുതിരയെ ബലം പ്രയോഗിച്ച് പുകവലിപ്പിച്ച് യുവാക്കള്‍. ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള വഴിയിൽ വച്ചാണ് രണ്ട് യുവാക്കള്‍ കുതിരയെ നിർബന്ധിച്ച് കഞ്ചാവ് പോലുള്ള ലഹരി വലിപ്പിച്ചത്. മൃഗത്തെ ഉപദ്രവിക്കുന്ന ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഉത്തരാഖണ്ഡ് പൊലീസ് ട്വിറ്ററിലൂടെ പങ്കുവയ്‌ക്കുകയും പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിക്കുകയും ചെയ്‌തു.
കുതിരയെ ബലമായി പുകവലിപ്പിക്കുന്ന വൈറലായ വീഡിയോ ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടു. വീഡിയോയിലുള്ളവരെ തിരിച്ചറിയാന്‍ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ നിങ്ങളുടെ പരിസരത്ത് നടക്കുകയാണെങ്കില്‍ ഉടനടി നടപടിയെടുക്കാന്‍ സമീപത്തായി ഡ്യൂട്ടിയിലുള്ള പൊലീസിനെയോ 112 എന്ന നമ്പറിലോ വിളിച്ച് അറിയിക്കണമെന്നും പൊലീസ് ട്വിറ്ററില്‍ ആവശ്യപ്പെട്ടു.
വീഡിയോയില്‍ എന്ത്:പ്രത്യക്ഷത്തില്‍ യുവാക്കളായ രണ്ടുപേര്‍ അവരുടെ കൈകള്‍ ഉപയോഗിച്ച് മൃഗത്തിന്‍റെ വായയും മൂക്കിന്‍റെ തുളയും ബലം പ്രയോഗിച്ച് മുറുകെപ്പിടിച്ച് പുകവലിപ്പിക്കുന്നതായി വീഡിയോയില്‍ കാണാം. ഈ സമയം അസ്വസ്ഥത പ്രകടിപ്പിച്ച് കുതിര ലഹരിമരുന്ന് ശ്വസിക്കാൻ പാടുപെടുന്നതും വീഡിയോയില്‍ വ്യക്തമാണ്. വിനോദസഞ്ചാരികളില്‍ ഒരാളാണ് സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിട്ടുള്ളത്.
വീഡിയോ ചിത്രീകരണത്തിനിടെ നിങ്ങള്‍ എന്തിനാണ് കുതിരയെ നിര്‍ബന്ധിപ്പിച്ച് ഇത് ചെയ്യിക്കുന്നതെന്ന് ഇയാള്‍ ചോദിക്കുന്നുമുണ്ട്. ഇതിന് കുതിരയ്‌ക്ക് സുഖമില്ലെന്നായിരുന്നു യുവാക്കളുടെ മറുപടി. എന്നാല്‍ കുതിരയ്‌ക്ക് ബുദ്ധിമുട്ടുണ്ടാകുമോ എന്നു കൂടി പരിഗണിക്കാതെ ലഹരി നല്‍കിയാല്‍ അധികമായി ജോലി ചെയ്യുമെന്ന തെറ്റിധാരണയാവാം ഇവരെ ഇതിന് പ്രേരിപ്പിച്ചതെന്നും പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്.
വിശദീകരണവുമായി ഉദ്യോഗസ്ഥര്‍:മൃഗങ്ങളോടുള്ള ക്രൂരതകള്‍ നിരീക്ഷണത്തിനും മറ്റുമായി പിആർഡി ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ കേദാർനാഥിലെ ചീഫ് വെറ്ററിനറി ഡോക്‌ടർ അശോക് പൻവാർ പ്രതികരിച്ചു. മാത്രമല്ല ഇവരെക്കൂടാതെ സോൻപ്രയാഗ്, ലിഞ്ചോളി ഉൾപ്പെടെ നാല് പ്രദേശങ്ങളില്‍ ഡോക്‌ടർമാരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇതുവരെ കുറഞ്ഞത് 190 മൃഗങ്ങളാണ് ചത്തിട്ടുള്ളതെന്നും ഇതില്‍ ഈ വർഷം മാത്രം 90 മൃഗങ്ങളെങ്കിലും പരിക്കോ രോഗമോ മറ്റെന്തെങ്കിലും കാരണങ്ങളാലോ ചത്തെന്നും അദ്ദേഹം അറിയിച്ചു. അതേസമയം കേദാര്‍നാഥ് യാത്രയുടെ ഭാഗമായി ഓരോ ദിവസവും 4000 സഞ്ചാരികളാണ് കുതിരകളും കോവര്‍കഴുതകളിലുമായി യാത്ര ചെയ്യുന്നത്.
നായയെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്കെറിഞ്ഞു:അടുത്തിടെ മധ്യപ്രദേശിലെ ഭോപ്പാലില്‍ നായയെ കെട്ടിടത്തിന്‍റെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞ് കൊന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. ഇൻഡോറിലെ ലസുദിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മൃഗ പീഡനത്തിന്‍റെ ഞെട്ടിക്കുന്ന സംഭവം നടന്നത്. റോയൽ അമർ ഗ്രീൻ ബിൽഡിങ്ങിന്‍റെ ആറാം നിലയിൽ നിന്ന് അജ്‌ഞാതരായ ചിലർ നായയെ താഴേക്ക് എറിയുകയായിരുന്നുവെന്ന് ആരോപിച്ച് പീപ്പിൾ ഫോർ അനിമൽസിലെ പ്രവർത്തകൻ പിയാൻഷു ജെയിനാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ മൃഗ ക്രൂരത നിയമപ്രകാരവും മറ്റ് ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇൻഡോറിൽ നിന്ന് മുൻപും മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്ന കേസുകൾ പുറത്തുവന്നിരുന്നു.