ഭുവനേശ്വര്‍ :ഒഡിഷയില്‍ മൊബൈല്‍ ഫോണും പണവും മോഷ്‌ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് മൂന്ന് യുവാക്കള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. പാണ്ഡ്രിപേട്ടര്‍ സ്വദേശി വിജയ് ബാഗ്, സാമ്പല്‍പൂര്‍ സ്വദേശി ബിക്കു ജല്‍ എന്നിവരാണ് മരിച്ചത്.
ഇവരുടെ കൂട്ടാളിയായ സൂരജ് കര്‍മയ്‌ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും നിലവില്‍ ചികിത്സയില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ചൊവ്വാഴ്‌ചയാണ് യുവാക്കള്‍ക്ക് നേരെ നാട്ടുകാരുടെ ആക്രമണം ഉണ്ടായത്.
ബര്‍ഗഡ്- വേദന്‍ മേഖലകളില്‍ കഴിഞ്ഞ കുറച്ച് നാളുകളായി മൊബൈല്‍ ഫോണ്‍ അടക്കമുള്ളവയുടെ മോഷണം അധികരിച്ചിരിക്കുകയാണ്. കവര്‍ച്ച സംബന്ധിച്ച് പൊലീസിന് നിരവധി തവണ പരാതികള്‍ നല്‍കിയെങ്കിലും നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും മോഷണങ്ങളുണ്ടാകുന്നതെന്നാരോപിച്ചാണ് നാട്ടുകാര്‍ യുവാക്കളെ വളഞ്ഞുവച്ച് ആക്രമിച്ചത്.
പൊലീസ് പറയുന്നതിങ്ങനെ : ചൊവ്വാഴ്‌ച വൈകിട്ട് 4 മണിയോടെ സാഹുതിക്ര സബ് റോഡിലെത്തിയ നാലംഗ സംഘം ഒരാളെ തടഞ്ഞ് നിര്‍ത്തുകയും മൊബൈല്‍ ഫോണും പണവും കവരാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് ആരോപണം. എന്നാല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ യുവാക്കളെ പിടികൂടി. ഇതിനിടെ കൂട്ടത്തിലൊരാള്‍ ഓടി രക്ഷപ്പെട്ടു.
മൂന്ന് പേരെ ജനങ്ങള്‍ തടഞ്ഞുവച്ച് മര്‍ദ്ദിച്ചു. യുവാക്കളെ മര്‍ദനത്തിനിരയാക്കിയതിന് പിന്നാലെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ യുവാക്കള്‍ അവശനിലയിലായിരുന്നു. മൂന്നംഗ സംഘത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് പേര്‍ മരിച്ചു. ഗുരുതരാവസ്ഥയില്‍ തുടരുന്ന സൂരജ് കര്‍മയെ മികച്ച ചികിത്സ നല്‍കാനായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
മേഖലയില്‍ മോഷണം അധികരിച്ചിരിക്കുകയാണെന്നും സെപ്‌റ്റംബര്‍ 18ന് പ്രദേശത്ത് നിന്നും ഇത്തരത്തില്‍ ഒരു മോഷ്‌ടാവിനെ പിടികൂടിയിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
യുവാവിന് നേരെ മൂവര്‍ സംഘത്തിന്‍റെ ആക്രമണം :ഛത്തീസ്‌ഗഡിലും അടുത്തിടെ സമാന സംഭവം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. മൊബൈല്‍ ഫോണ്‍ മോഷ്‌ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യുവാവിനെ ജെസിബിയില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തു.
also read:മണിമല കവർച്ച കേസ് പ്രതി 3 വർഷത്തിനു ശേഷം പൊലീസ് പിടിയിൽ
മായാപൂര്‍ സ്വദേശിയായ യുവാവാണ് മര്‍ദനത്തിന് ഇരയായത്. റോഡ് നിര്‍മാണ ജോലിക്കായി മായാപൂരില്‍ സര്‍ഹാരിയിലെത്തിയപ്പോഴാണ് യുവാവിന് നേരെ ആക്രമണം ഉണ്ടായത്. അതിരാവിലെ ജോലി സ്ഥലത്തെത്തിയ യുവാവ് റോഡിലെ ജെസിബി ഗ്രേഡര്‍ മെഷീന്‍ എന്നിവയ്‌ക്ക് സമീപം നില്‍ക്കുമ്പോഴാണ് മൂവര്‍ സംഘമെത്തി മൊബൈല്‍ മോഷ്‌ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ആക്രമിച്ചത്.