രുദ്രാപൂര്‍ (ഉത്തരാഖണ്ഡ്): ഉത്തരാഖണ്ഡ് ക്യാബിനറ്റ് മന്ത്രി സൗരഭ് ബഹുഗുണയെ വധിക്കാൻ ഗൂഢാലോചന നടത്തിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. സിതാർഗഞ്ച് സ്വദേശിയായ ഹീര സിങ്, സത്‌നാം സിങ് എന്ന സത്ത, ഹർഭജൻ സിങ്, മൊഹമ്മദ്, ഗുഡു എന്ന അസീസ് എന്നിവരാണ് അറസ്റ്റിലായത്. ഹൽദ്‌വാനി ജയിലിൽ വച്ചാണ് സൗരഭ് ബഹുഗുണയെ കൊല്ലാനുള്ള ഗൂഢാലോചന നടന്നതെന്ന് പൊലീസ് പറഞ്ഞു.
മന്ത്രിയെ വധിക്കാനായി ഹീര സിങ് 20 ലക്ഷം രൂപ കൂട്ടാളികള്‍ക്ക് വാഗ്‌ദാനം ചെയ്‌തിരുന്നു. അതില്‍ അഞ്ച് ലക്ഷത്തി എഴുപതിനായിരം രൂപ ഹീര സിങ് മുന്‍കൂറായി നല്‍കി. പിടിക്കപ്പെട്ട ഗുഡുവില്‍ നിന്ന് 2.70 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു.
ഏപ്രില്‍ 13നാണ് മോഷണം, അനധികൃത ഖനനം എന്നിവയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ ഹീര സിങ് തടവിലാക്കപ്പെടുന്നത്. ഹീര സിങ്ങിന്‍റെ അറസ്റ്റിനും ശിക്ഷക്കും പിന്നില്‍ ബഹുഗുണ ആയിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലാണ് ഹീര സിങ് ബഹുഗുണയെ വധിക്കാന്‍ പദ്ധതിയിട്ടത്.
ജയിലില്‍ വച്ച് പദ്ധതി തയാറാക്കുകയും കൂട്ടാളികള്‍ക്ക് പണം കൈമാറുകയും ചെയ്‌തു. ജയില്‍ മോചിതനായ ഹീര സിങ് ഒക്‌ടോബര്‍ നാലിന് പ്രശ്‌നങ്ങള്‍ പരിഹരിക്കാനെന്ന വ്യാജേന മന്ത്രി ബഹുഗുണയുടെ വീട്ടിലെത്തിയിരുന്നു. പദ്ധതി നപ്പിലാക്കാനുള്ള സ്ഥലവും സാഹചര്യവും മനസിലാക്കുന്നതിനു വേണ്ടിയായിരുന്നു ഹീര സിങ് വീട്ടിലെത്തിയത് എന്ന് സംഭവത്തില്‍ പ്രതികരിച്ച് ബഹുഗുണ പിന്നീട് പറഞ്ഞു.
വെറും വ്യക്തിവൈരാഗ്യം മാത്രമല്ലെന്നും രാഷ്‌ട്രീയ വിദ്വേഷവും കൊലപാതകം ആസൂത്രണം ചെയ്‌തതിന് പിന്നിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജയിലില്‍ വച്ചു നടന്ന ഗൂഢാലോചന ഒരു വിശ്വസ്‌തന്‍ മുഖേനയാണ് പുറത്തറിഞ്ഞത്. നിലവിൽ സൗരഭ് ബഹുഗുണക്ക് കാബിനറ്റ് മന്ത്രിയെന്ന നിലയിൽ വൈ കാറ്റഗറി സുരക്ഷയാണ് ലഭിച്ചിക്കുന്നതെന്നും എന്നാൽ വധഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് വൈ പ്ലസ് സുരക്ഷ നൽകുമെന്നും ഉധംസിങ് നഗർ പൊലീസ് സൂപ്രണ്ട് ടി സി മഞ്ജുനാഥ് പറഞ്ഞു.